കൽപറ്റ: സംസ്ഥാനത്തെ പ്രവേശനോത്സവ ദിനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നൽകിയ പ്രത്യേക സമ്മാനങ്ങളുമായി വിനോദിനിയും നൈസമോളും സ്കൂളിലേക്ക് (CM VD Satheesan School Reopening Gift Vinodini). പാലക്കാട് ജില്ലയിലെ ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവിനെത്തുടർന്ന് വലതുകൈ മുറിച്ചുമാറ്റേണ്ടി വന്ന പല്ലശ്ശന ഒഴുപാറ സ്വദേശി വിനോദിനിക്കും, വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട നൈസമോൾക്കുമാണ് മുഖ്യമന്ത്രിയുടെ പഠനോപകരണങ്ങൾ അടങ്ങിയ സ്നേഹസമ്മാനങ്ങൾ ലഭിച്ചത്.
മുൻപ് പ്രതിപക്ഷ നേതാവായിരിക്കെ വിനോദിനിക്ക് കൃത്രിമക്കൈ വെച്ചുനൽകാൻ വ്യക്തിപരമായി ഇടപെട്ട വി.ഡി. സതീശൻ, മുഖ്യമന്ത്രിയായ ശേഷമുള്ള കടുത്ത തിരക്കുകൾക്കിടയിലും കുട്ടികളുടെ സ്കൂൾ പ്രവേശന കാര്യം പ്രത്യേകം ഓർക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പാലക്കാട് ജില്ലാ കളക്ടർ കെ. സുധീർ വിനോദിനിയുടെ വീട്ടിലെത്തി ബാഗും കുടയും പഠനോപകരണങ്ങളും നേരിട്ട് കൈമാറുകയും കുട്ടിയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയുണ്ടാകുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. കഴിഞ്ഞ സെപ്റ്റംബറിലാണ് കളിക്കുന്നതിനിടെ പരിക്കേറ്റ വിനോദിനിക്ക് ചികിത്സാപ്പിഴവ് മൂലം കൈ നഷ്ടമായത്.
മറുഭാഗത്ത്, ഉരുൾപൊട്ടൽ ദുരന്തത്തിൽ സഹോദരങ്ങളെയും പിതാവിനെയും മുത്തശ്ശനെയും മുത്തശ്ശിയെയും നഷ്ടപ്പെട്ട നൈസമോൾക്കുള്ള സമ്മാനങ്ങളുമായി വയനാട് കളക്ടർ ഡി.ആർ. മേഘശ്രീ മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിലെ അവരുടെ പുതിയ വീട്ടിലെത്തി. ദുരന്തത്തിന് ശേഷം പ്രദേശം സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നൈസമോളെ മടിയിലിരുത്തിയുള്ള ഫോട്ടോ വലിയ രീതിയിൽ വൈറലായിരുന്നുവെങ്കിലും കേന്ദ്ര സർക്കാരിൽ നിന്ന് യാതൊരുവിധ സഹായങ്ങളും ലഭ്യമായിരുന്നില്ല. നിലവിൽ യു.കെ.ജി വിദ്യാർത്ഥിയായ നൈസമോളും മാതാവ് ജസീലയും കഴിഞ്ഞ ദിവസമാണ് പുതിയ ടൗൺഷിപ്പിലേക്ക് താമസം മാറിയത്. ദുരന്തത്തിന്റെ വലിയ ആഘാതങ്ങൾക്കിടയിലും സംസ്ഥാന ഭരണകൂടത്തിന്റെ കരുതലും പുതിയ പഠനോപകരണങ്ങളുമായി സ്കൂളിലേക്ക് യാത്രതിരിച്ച ഇരു കുട്ടികളുടെയും പ്രവേശനോത്സവം നാടിനാകെ ഹൃദ്യമായൊരു അനുഭവമായി മാറി.
