കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍ ദുരന്ത ബാധിതരില്‍ നാല് കുടുംബങ്ങള്‍ക്ക് സമസ്ത കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വെള്ളമുണ്ട പഞ്ചായത്തിലെ കട്ടയാട് നിര്‍മിച്ച വീടുകളുടെ കൈമാറ്റം 10ന് നടത്തും. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ താക്കോല്‍ദാനം നിര്‍വഹിക്കും. 2024 നവംബര്‍ ഒമ്പതിന് വീടുകളുടെ ശിലാസ്ഥാപനം നിര്‍വഹിച്ചതും അദ്ദേഹമാണ്.
സര്‍ക്കാരോ മറ്റ് സന്നദ്ധ സംഘടനകളോ പരിഗണിക്കാതിരുന്ന കുടുംബങ്ങള്‍ക്ക് കട്ടയാടിലെ പാറക്ക ഉസ്മാന് സംഭാവന ചെയ്ത 25 സെന്റ് സ്ഥലത്താണ് ഭവനങ്ങള്‍ നിര്‍മിച്ചത്. കോഴിക്കോട് മയ്യന്നൂര്‍ മഹല്ല് കമ്മിറ്റിയും സമസ്ത കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അല്‍ബിര്‍റ് പ്രീ സ്കൂളിലെ കുട്ടികളും സമാഹരിച്ച തുകയാണ് പ്രവൃത്തിക്ക് വിനിയോഗിച്ചത്. പ്രീ സ്കൂളിലെ കുട്ടികള്‍ മൂന്ന് വീടിനുള്ള പണമാണ് സ്വരൂപിച്ചത്. ഗുണഭോക്തൃ കുടുംബങ്ങളെ മുണ്ടക്കൈ മഹല്ല് കമ്മിറ്റിയുടെ സഹായത്തോടെയാണ് കണ്ടെത്തിയത്. മൂന്ന് ബെഡ് റൂം, സിറ്റൗട്ട്, ഡൈനിംഗ് ഹാള്‍, കിച്ചണ്‍, ടോയ്ലറ്റ് സൗകര്യമുള്ളതാണ് ഓരോ വീടും. 15 ലക്ഷം രൂപയാണ് വീടൊന്നിന് നിര്‍മാണച്ചെലവ്.
