കേണിച്ചിറ: യുഡിഎഫ് പൂതാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. പഞ്ചായത്തിലെ വികസന മുരടിപ്പിലും കേണിച്ചിറ ഗവ.ആശുപത്രിയോടുള്ള അവഗണനയിലും പ്രതിഷേധിച്ചായിരുന്നു സമരം. മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജന്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി കണ്‍വീനര്‍ മുഹമ്മദ് ബഷീര്‍, ഡിസിസി വൈസ് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കെ.പി. മധു, കെ.ജി. ബാബു, യെല്‍ദോസ്, സണ്ണി സെബാസ്റ്റ്യന്‍, നാരായണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
അതിനിടെ, യുഡിഎഫ് നടത്തിയത് രാഷ്ട്രീയപ്രേരിത പ്രഹസന സമരമാണെന്ന് പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ ഇ.കെ. ബാലകൃഷ്ണന്‍ വിമര്‍ശിച്ചു. പഞ്ചായത്തിലെ മൂന്ന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷര്‍ യുഡിഎഫ് പ്രതിനിധികളാണ്. ഇവരടക്കമാണ് സമരത്തിന് ഇറങ്ങിയത്. പഞ്ചായത്തില്‍ വികസന തടസം ഉണ്ടെങ്കില്‍ ഉത്തരവാദിത്വം യുഡിഎഫിനാണെന്ന് അദ്ദേഹം പറഞ്ഞു.
പഞ്ചായത്തില്‍ യുഡിഎഫും എല്‍ഡിഎഫും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ സിപിഎം ചിഹ്നത്തില്‍ വിജയിച്ചതില്‍ രണ്ടു പേര്‍ ഇപ്പോള്‍ കോണ്‍ഗ്രസിനൊപ്പമാണെന്ന് അവര്‍ പറഞ്ഞു.
