വഴിയിൽ വീണുകിട്ടിയ 15,000 രൂപയടങ്ങിയ പേഴ്സ് സ്റ്റേഷനിൽ ഏൽപ്പിച്ചു; ഓട്ടോ ഡ്രൈവർ രാജു മാതൃകയായി

മാനന്തവാടി: വഴിയിൽ നിന്നും കളഞ്ഞുകിട്ടിയ വൻ തുകയടങ്ങിയ പേഴ്സ് ഒട്ടും മടിക്കാതെ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് ഉടമസ്ഥന് തിരികെ നൽകിയ ഓട്ടോ ഡ്രൈവർ നാടിന് മാതൃകയാകുന്നു. മാനന്തവാടി എരുമത്തെരുവ് പിങ്കു നിവാസിൽ ഓട്ടോ ഡ്രൈവറായ രാജു എം.ഡി ആണ് ഈ കാലത്തും മായാത്ത സത്യസന്ധത ഉയർത്തിപ്പിടിച്ചത്.

മാനന്തവാടി കനറാ ബാങ്കിന് സമീപത്തു നിന്നാണ് രാജുവിന് 15,000 രൂപ അടങ്ങിയ പേഴ്സ് കളഞ്ഞുകിട്ടുന്നത്. ഉടൻ തന്നെ അദ്ദേഹം ഇത് മാനന്തവാടി പോലീസ് സ്റ്റേഷനിൽ എത്തിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ഏൽപ്പിക്കുകയായിരുന്നു.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പേഴ്സ് പായോട് സ്വദേശി തട്ടാംപറമ്പിൽ മധുസൂദനന്റേതാണെന്ന് തിരിച്ചറിഞ്ഞു. സ്റ്റേഷനിൽ വെച്ച് പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മധുസൂദനന് തുക അടങ്ങിയ പേഴ്സ് കൈമാറി. കഷ്ടപ്പെട്ട് അധ്വാനിച്ച പണം സുരക്ഷിതമായി തിരികെ ലഭിച്ച സന്തോഷത്തിൽ മധുസൂദനൻ രാജുവിന് നന്ദി അറിയിച്ചു. ഓട്ടോ ഡ്രൈവർ രാജുവിന്റെ ഈ മാതൃകാപരമായ നന്മയെ പോലീസും നാട്ടുകാരും ചേർന്ന് അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *