വൈത്തിരി: ദുരന്തസമയങ്ങളില്‍ സമൂഹത്തിന് വേഗത്തിലും ഫലപ്രദമായും പിന്തുണ ഉറപ്പാക്കുന്നതിന് കാരിത്താസ് ഇന്ത്യയുടെ പിന്തുണയോടെ കോഴിക്കോട് അതിരൂപതയുടെ സാമൂഹിക സേവന പ്രസ്ഥാനമായ ജീവന നടപ്പാക്കുന്ന ‘സേഫ് വിതിന്‍: റീകണക്ട് വയനാട് ആന്‍ഡ് വിലങ്ങാട്’ പദ്ധതിയുടെ ഭാഗമായി ഹാര്‍ട്ട് ടാസ്ക് ഫോഴ്സ്((ഹ്യുമാനിറ്റേറിയന്‍ എമര്‍ജന്‍സി എയ്ഡ് ആന്‍ഡ് റെസ്പോണ്‍സ് ടീം)അംഗങ്ങള്‍ക്ക് ഏകദിന പരിശീലനം നല്കി. സെന്റ് ജോസഫ്സ് പള്ളി ഹാളില്‍ നടത്തിയ പരിപാടിയില്‍ മേപ്പാടി, വൈത്തിരി, പൊഴുതന പഞ്ചായത്തുകളില്‍നിന്നു തെരഞ്ഞെടുത്ത 40 സന്നദ്ധപ്രവര്‍ത്തകര്‍ പങ്കെടുത്തു.
പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോളി ജോസ് ഉദ്ഘാടനം ചെയ്തു. ദുരന്തസമയങ്ങളില്‍ കര്മനിരതരാകുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്ക് സമഗ്രമായ അറിവും പ്രായോഗിക വൈദഗ്ധ്യവും അനിവാര്യമാണെന്ന് അവര്‍ പറഞ്ഞു. കാരിത്താസ് ഇന്ത്യ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ അബീഷ് ആന്റണി സേഫ് വിതിന്‍ പദ്ധതി ലക്ഷ്യങ്ങളും ഹാര്‍ട്ട് ടാസ്ക് ഫോഴ്സിന്റെ ദൗത്യവും വിശദീകരിച്ചു. പരിശീലനം നേടിയ സന്നദ്ധപ്രവര്‍ത്തകരുടെ പങ്ക് ദുരന്തപ്രതിരോധശേഷിയുള്ള സമൂഹസൃഷ്ടിയില്‍ നിര്‍ണായകമാണെന്ന് അദ്ദേഹം പറഞ്ഞു. മീനങ്ങാടി സെന്റ് ജോസഫസ് തീര്‍ഥാടന ദേവാലയ വികാരി ഫാ.ഡോ.സണ്ണി, വൈത്തിരി സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ.ജോണ്സണ് എന്നിവര്‍ പ്രസംഗിച്ചു.
അഗ്നി-രക്ഷാ സേനയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിശീലനത്തില്‍ ഇആര്‍ടി ട്രെയിനര്‍ ആനന്ദന് പാലപ്പറ്റ, ഷിജി ആന്റണി എന്നിവര്‍ ദുരന്തനിവാരണവും അടിയന്തര പ്രതികരണവുമായി ബന്ധപ്പെട്ട പ്രായോഗിക സെഷനുകള്‍ നയിച്ചു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ എമര്‍ജന്‍സി മെഡിസിന് വിഭാഗം ജീവനക്കാരന് സഞ്ജുവും സംഘവും ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലനം നല്കി. ജീവന എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ആല്‍ഫ്രഡ് വി.സി. സ്വാഗതം പറഞ്ഞു. പാരിഷ് കൗണ്‍സില്‍ സെക്രട്ടറി കെ. ബാബു, സേഫ് വിതിന്‍ പദ്ധതി കോ ഓര്‍ഡിനേറ്റര്‍മാരായ ആഷ്ലി നെല്‍സണ്‍, ഷീജ ബാബു, എം.ജെ. ഷൈനി, സോഫി ജോയി എന്നിവര്‍ നേതൃത്വം നല്കി.
വയനാട് പുഞ്ചിരിമട്ടത്തും കോഴിക്കോട് വിലങ്ങാടിലും ഉണ്ടായ ഉരുള്‍ ദുരന്തത്തിനുശേഷമുള്ള രണ്ടാംഘട്ട മാനവിക ഇടപെടലിന്റെ ഭാഗമായാണ് കാരിത്താസ് ഇന്ത്യ സേഫ് വിതിന്‍ പദ്ധതി ആവിഷ്കരിച്ചത്.
ദുരന്തബാധിതരുടെ മാനസിക പുനരുജ്ജീവനം, സാമൂഹിക പുനര്‍ബന്ധം, യുവജന നേതൃത്വ വികസനം, സമൂഹ അടിസ്ഥാന ദുരന്തസന്നദ്ധത എന്നിവ ലക്ഷ്യമാക്കി നടപ്പാക്കുന്ന പദ്ധതിയിലൂടെ സൈക്കോസോഷ്യല്‍ പിന്തുണ, കൗണ്‍സലിംഗ്, കമ്മ്യൂണിറ്റി റിസോഴ്സ് സെന്ററുകളുടെ സ്ഥാപനം, ഉപജീവന മാര്‍ഗങ്ങളുടെ ശക്തിപ്പെടുത്തല്‍, ടാസ്ക് ഫോഴ്സുകളുടെ രൂപീകരണവും ശേഷി വികസനവും ഉള്‍പ്പെടെ പരിപാടികള്‍ പ്രാവര്‍ത്തികമാക്കുന്നുണ്ട്. ടാസ്ക് ഫോഴ്സ് അംഗങ്ങള്‍ ദുരന്തസന്നദ്ധത ബോധവത്കരണം, മുന്‍കൂട്ടിയുള്ള അപകട മുന്നറിയിപ്പുകളുടെ പ്രചാരണം, സുരക്ഷിത ഒഴിപ്പിക്കല്‍, ദുരിതാശ്വാസ ക്യാമ്പുകളുടെ ഏകോപനം, പ്രാഥമിക ശുശ്രൂഷയും ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങളും, ദുരന്തബാധിതര്‍ക്കുള്ള പിന്തുണ, വിവിധ സര്‍ക്കാര്‍ വകുപ്പുകളും രക്ഷാപ്രവര്‍ത്തന ഏജന്‍സികളുമായുള്ള ഏകോപനം തുടങ്ങിയ മേഖലകളില്‍ നിര്‍ണായക പങ്കുവഹിക്കും.
