കല്പറ്റ:പൂക്കോയ തങ്ങൾ ഹോസ്പിസ് കല്പറ്റ നിയോജകമണ്ഡലം പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ഉദ്ഘാടനവും ഹോം കെയർ വാഹനത്തിന്റെ ഫ്ലാഗ് ഓഫും കൃഷി മന്ത്രി അഡ്വ. ടി. സിദ്ദിഖ് നിർവഹിച്ചു. ജനങ്ങളുടെ മനസ്സിൽ ആശ്വാസത്തിന്റെയും സാന്ത്വനത്തിന്റെയും വിത്തുകൾ പാകുന്ന പി.ടി.എച്ച്.ന്റെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപ്തിയോടെ മുന്നോട്ട് പോകട്ടെയെന്ന് മന്ത്രി ആശംസിച്ചു.
പാലിയേറ്റീവ് രംഗത്ത് സന്നദ്ധ പ്രവർത്തകരുടെ സേവനം സമൂഹത്തിന് വലിയ ആശ്വാസമാണെന്നും രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും കരുതലിന്റെ കൈത്താങ്ങായി പി ടി എച്ചിന്റെ പ്രവർത്തനങ്ങൾ മാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കല്പറ്റ എമിലിയിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി ജയന്തി രാജൻ , മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി, പി കെ അബൂബക്കർ, ടി. ഹംസ, സലീം മേമന, റസാഖ് കല്പറ്റ, കെ.കെ. ഹനീഫ, യഹിയഘാൻ തലക്കൽ, സി മൊയ്‌ദീൻ കുട്ടി ,സുരേഷ് മേപ്പാടി ,എം പി നവാസ്, ഹാരിസ് കണ്ടിയൻ എന്നിവർ പങ്കെടുത്തു. പി ടി എച് മുസ്‌ലിം ലീഗ് പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായി.
പുതുതായി ആരംഭിച്ച പാലിയേറ്റീവ് കെയർ യൂണിറ്റും ഹോം കെയർ വാഹനവും മേഖലയിലെ രോഗികൾക്ക് കൂടുതൽ കാര്യക്ഷമമായ സേവനങ്ങൾ ലഭ്യമാക്കാൻ സഹായകരമാകുമെന്ന് സംഘാടകർ അറിയിച്ചു.
