സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ ചീരാല്‍ പുളിഞ്ചാലില്‍ കടുവ ആക്രമണത്തില്‍ പശുവിന് ഗുരുതര പരിക്ക്. ചെറുമല അബ്ദുള്‍ അസീസിന്റെ തൊഴുത്തിലെ രണ്ടര വയസുള്ള പശുവിനെയാണ് കടുവ ആക്രമിച്ചത്. തിങ്കളാഴ്ച രാത്രി വൈകിയാണ് സംഭവം. പശുവിന്റെ കഴുത്തിനാണ് കടിയേറ്റത്. തൊഴുത്തില്‍ ബഹളം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും കടുവ ഇരുളില്‍ മറഞ്ഞു. സൗത്ത് വയനാട് വനം ഡിവിഷനിലെ മേപ്പാടി റേഞ്ച് പരിധിയിലാണ് പുളിഞ്ചാല്‍. പശുവിനെ ആക്രമിച്ചത് കടുവയാണെന്ന് വനം ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. പ്രദേശവാസികള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്കി. കടുവ ഇറങ്ങിയതിന് തൊട്ടടുത്ത് വനമില്ല. പ്രദേശത്തെ കാടുപിടിച്ച തോട്ടത്തില്‍നിന്നാണ് കടുവ എത്തിയതെന്ന നിഗമനത്തിലാണ് നാട്ടുകാര്‍.
ചീരാലില്‍ കടുവ ആക്രമണത്തില്‍ പശുവിന് പരിക്ക്
