വിദ്യാര്‍ത്ഥികളെ കാര്‍ഷികമേഖലയിലേക്ക് അടുപ്പിക്കും: മന്ത്രി ടി. സിദ്ദീഖ്

കാക്കവയല്‍: സ്കൂള്‍ വിദ്യാര്‍ത്ഥികളെ കാര്‍ഷികമേഖലയിലേക്ക് അടുപ്പിക്കാനുള്ള പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്ന് കൃഷി മന്ത്രി ടി. സിദ്ദീഖ് പറഞ്ഞു. കാക്കവയല്‍ ഗവ.ഹയര്‍സെക്കന്ററി സ്കൂളില്‍ വിജയോത്സവം, ഉന്നതവിജയികള്‍ക്ക് അനുമോദനം, ഓണത്തിനുമുന്നോടിയായി സ്കൂളില്‍ നടത്തുന്ന ചെണ്ടുമല്ലി കൃഷി എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്കൂളുകളില്‍ കാര്‍ഷിക ക്ലബ്ബുകള്‍ തുടങ്ങി വരികയാണ്. അതിനായി അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും സജ്ഞരാക്കും. കൃഷിയില്‍ നിന്ന് ആളുകള്‍ അകന്നു പോവുന്നതോടെ ജീവിതശൈലി രോഗങ്ങളും വ്യാപകമായി. പഴയ തലമുറ കൃഷി, ജീവിതത്തിന്റെ ഭാഗമാക്കിയിരുന്നു. അതുപോലെ ഒരു കാലം വീണ്ടും വരണമെന്ന ആഗ്രഹത്തിന്റെ ഭാഗമാണ് പുതിയ തലമുറയെ കൃഷിയിലേക്ക് കൊണ്ടുവരുന്നത്. വിദ്യാര്‍ത്ഥികളാണ് ഭാവിയുടെ കരുത്ത്. അത് സര്‍ക്കാര്‍ തിരിച്ചറിയുന്നു. അതിന്റെ ഭാഗമാണ് ഓപ്പറേഷന്‍ തൂഫാന്‍. കുട്ടികളുടെ ജീവിതയാത്രയില്‍ പതിഞ്ഞിരിക്കുന്ന ലഹരി എന്ന വിപത്തിനെതിരെയുള്ള നടപടി ശക്തമാക്കുകയാണ്. മയക്കുമരുന്നു മാഫിയയുടെ കണ്ണി അറുക്കാനുള്ള കര്‍ശന നടപടികളാണ് സര്‍ക്കാര്‍ ചെയ്യുന്നത്. നോ പറയേണ്ടിടത്ത് നോ പറയാന്‍ കുട്ടികള്‍ പഠിക്കണം. മയക്കുമരുന്നും മറ്റു ലഹരിയുമായി പതിയിരിക്കുന്നവരോട് നോ പറയണം. ഏറ്റവും മിടുക്കരായ, നാടിന്റെ കരുത്തായ വിദ്യാര്‍ത്ഥികളുടെ വളര്‍ച്ചയ്ക്ക് തടസ്സമാകുന്ന ഏതു പ്രവര്‍ത്തനത്തിനെതിരെയും സമൂഹം കണ്ണുതുറന്നിരിക്കണമെന്നും മന്ത്രി പറഞ്ഞു.

എസ്.എസ്.എല്‍.സി.,. പ്ലസ്ടു, എല്‍.എസ്.എസ്., യു.എസ്.എസ്., എന്‍.എം.എം.എസ്. വിജയികള്‍ക്കും സതേണ്‍ ഇന്ത്യ ശാസ്ത്രമേളയില്‍ കേരളത്തെ പ്രതിനിധീകരിച്ച കുട്ടികള്‍ക്കുമുള്ള സമ്മാനങ്ങള്‍ മന്ത്രി വിതരണം ചെയ്തു.

പി.ടി.എ പ്രസിഡന്റ് എന്‍.റിയാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം നസീമ, ബ്ലോക്ക് പഞ്ചായത്തംഗം ഉഷ, പഞ്ചായത്തംഗങ്ങളായ പി.വി. കുര്യാക്കോസ്, പ്രജിത, എസ്.എം.സി. ചെയര്‍മാന്‍ ഉമ്മര്‍പൂപ്പറ്റ, മദര്‍ പി.ടി.എ. പ്രസിഡന്റ് സുമയ്യ ബീവി, ഹയര്‍സെക്കന്റി സീനിയര്‍ അസിസ്റ്റന്റ് റീന ജോസഫ്, ഹൈസ്കൂള്‍ സീനിയര്‍ അസിസന്റ് വി.പി. സോളി, വിജയോത്സവം കണ്‍വീനര്‍ ലിന്‍സി ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ടി.എം. ബിജു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ.ജി. റിയ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *