ഗോത്ര യുവതയുടെ സ്വപ്നങ്ങള്‍ക്ക് സ്റ്റിയറിംഗ് പിടിപ്പിച്ച് വയനാട് പോലീസ്

വയനാട് ജനമൈത്രി പോലീസിന്റെ ട്രൈബല്‍ ജനമൈത്രി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സൗജന്യ ഡ്രൈവിംഗ് പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ ഗോത്ര മേഖലയിലുള്ള യുവതീ-യുവാക്കള്‍ക്ക് ലൈസന്‍സുകള്‍ വിതരണം ചെയ്തു. ജില്ലാ പോലീസ് മേധാവി അരുണ്‍ കെ. പവിത്രന്‍ ഐ.പി.എസ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. കൃത്യമായ പരിശീലനത്തിലൂടെ ഡ്രൈവിങ് ലൈസന്‍സുകള്‍ സ്വന്തമാക്കിയവര്‍ ട്രാഫിക്ക് നിയമങ്ങള്‍ കൃത്യമായി പാലിച്ച് വാഹനമോടിക്കണമെന്നും, ജീവിതത്തിലെ പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിട്ട് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കല്‍പ്പറ്റ ഗവ. റസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ജില്ലാ അഡിഷണല്‍ എസ്.പി കെ.എസ്. ഷാജി അധ്യക്ഷത വഹിച്ചു. ആര്‍.ടി.ഒ പി.ആര്‍. സുമേഷ് മുഖ്യാതിഥിയായി. സോഷ്യല്‍ പോലീസിങ് ജില്ലാ അസി. നോഡല്‍ ഓഫിസര്‍ കെ.എം. ശശിധരന്‍, എസ്.പി.സി ജില്ലാ അസി. നോഡല്‍ ഓഫിസര്‍ കെ. േമാഹന്‍ദാസ്, കല്‍പ്പറ്റ സെന്‍ട്രല്‍ ബാങ്ക് മാനേജര്‍ ശില്‍പ സുരേഷ്, ന്യൂ ഓസ്‌കാര്‍ ഡ്രൈവിങ് സ്‌കൂള്‍ പ്രൊപ്പൈറ്റര്‍ പ്രകാശന്‍, തുടങ്ങിയവര്‍ സംസാരിച്ചു. സിവില്‍ പോലീസ് ഓഫിസര്‍ സിജു. സി. മീന ബോധവലക്കരണ ക്ലാസ് നയിച്ചു.

 

ലൈസന്‍സ് നേടുക എന്നത് ഗോത്രമേഖലയിലെ നിരവധി പേരുടെ സ്വപ്നമായിരിക്കുമ്പോള്‍, ആ സ്വപ്ന സാക്ഷാത്ക്കാരത്തിന് വഴിയൊരുക്കുകയാണ് വയനാട് ജനമൈത്രി പോലീസ്. റോഡ് സുരക്ഷയും തൊഴില്‍ അവസരങ്ങളും ലക്ഷ്യമിട്ട് ബോധവല്‍ക്കരണ ക്ലാസുകളും പ്രായോഗിക പരിശീലനവും ഉള്‍പ്പെടുത്തി ന്യൂ ഓസ്‌കാര്‍ ഡ്രൈവിങ് സ്‌കൂളിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത്്. ഡിസംബറിലാണ് പദ്ധതി ഉദ്ഘാടനം ചെയ്തതത്. ജില്ലയിലെ എല്ലാ സ്റ്റേഷന്‍ പരിധികളില്‍ നിന്നും പോലീസ് തിരഞ്ഞെടുത്ത സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 104 ഗോത്ര യുവതീ-യുവാക്കള്‍ക്കായാണ് ഡ്രൈവിങ് പരിശീലനം നല്‍കിയത്. ഇതില്‍ ആദ്യഘട്ടമെന്ന നിലയില്‍ എല്ലാ ടെസ്റ്റുകളിലും പാസായ അമ്പതോളം പേര്‍ക്കാണ് ലൈസന്‍സ് വിതരണം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *