കർഷകരെ പ്രതിസന്ധിയിലാക്കി ക്യാനുകളിൽ ഇന്ധന വിതരണം വിലക്കാനുള്ള നീക്കം; കേന്ദ്ര ഇടപെടൽ തേടി കൃഷിമന്ത്രി

കല്പറ്റ : പെട്രോളും ഡീസലും ക്യാനുകളിൽ നൽകുന്നത് നിയന്ത്രിക്കാനുള്ള കേന്ദ്ര നിലപാട് കേരളത്തിലെ കർഷകരെ ഗുരുതരമായി ബാധിക്കുമെന്ന് കൃഷി മന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു. വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ബന്ധപ്പെട്ട കേന്ദ്ര മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അടുത്തയാഴ്ച കേന്ദ്ര മന്ത്രിമാരെ നേരിൽ കണ്ട് വിഷയം അവതരിപ്പിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.

കൃഷി ആവശ്യങ്ങൾക്കായി ഇന്ധനം ക്യാനുകളിൽ വാങ്ങി ഉപയോഗിക്കുന്ന നിരവധി കർഷകരുണ്ട്. പുതിയ നിയന്ത്രണം നിലവിൽ വന്നാൽ ഇവരുടെ ദൈനംദിന കാർഷിക പ്രവർത്തനങ്ങൾ തന്നെ പ്രതിസന്ധിയിലാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ പല മൊത്തം വിതരണ കേന്ദ്രങ്ങളിലും ഇന്ധന ലഭ്യത സംബന്ധിച്ച ബുദ്ധിമുട്ടുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ തീരുമാനം കർഷകർക്ക് കൂടുതൽ ദുരിതമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.ഉത്തരവ് പുനഃപരിശോധിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട മന്ത്രി, അതുണ്ടാകാത്ത പക്ഷം കേരളത്തിലെ കർഷകർക്ക് പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകി ഇന്ധനം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ടെന്നും വ്യക്തമാക്കി.കർഷകരുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഉത്തരവ് അടിച്ചേൽപ്പിക്കാനുള്ള ശ്രമമുണ്ടായാൽ അവരെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന് അന്നം നൽകുന്ന കർഷകരുടെ ജീവനോപാധി തടസപ്പെടുത്തുന്ന നടപടികൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *