ഇന്ത്യയില്‍ ടെലഗ്രാമിന് നിയന്ത്രണവുമായി കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ടെലഗ്രാമിന് നിരോധനമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ജൂണ്‍ 22 വരെയാണ് നിരോധനം. നീറ്റ് പരീക്ഷ പൂര്‍ത്തിയാകുന്നത് വരെ നിരോധനമുണ്ടാവും. വ്യാജ ചോദ്യപേപ്പറുകള്‍ പ്രചരിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ നിര്‍ദേശപ്രകാരം മിനിസ്ട്രി ഓഫ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയാണ് നിരോധനമേര്‍പ്പെടുത്തിയത്. ജൂണ്‍ 30 വരെ മെസ്സേജ് എഡിറ്റിങ് സംവിധാനം നിര്‍ത്തിവെക്കാനും കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

ടെലഗ്രാം ഉയോഗിച്ച് വലിയ രീതിയില്‍ വ്യാജ ചോദ്യപേപ്പറുകള്‍ പ്രചരിപ്പിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് നിരോധനമേര്‍പ്പെടുത്താന്‍ എന്‍ടിഎ നിര്‍ദേശിച്ചത്. കേന്ദ്രസര്‍ക്കാര്‍ നടപടിയെ എന്‍ടിഎ സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്. ജൂണ്‍ 21നാണ് നീറ്റിന്റെ പുനപരീക്ഷ നടക്കുന്നത്.

നീറ്റ് പുനപരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഡോ.മംഗള കോഹ്ലി ആണ് ഹരജി സമര്‍പ്പിച്ചത്.ചിലയിടങ്ങളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി മുന്‍ പരീക്ഷ റദ്ദാക്കിയത് നിയമവിരുദ്ധമാണെന്നാണ് ഹരജിയിലെ വാദം.

അതിനിടെ പുനപരീക്ഷ ഒരുമാസം കൂടിനീട്ടണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ വഴി എന്‍ടിഎക്ക് നിവേദനം നല്‍കി.

മെയ് മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷ റദ്ദാക്കിയിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണത്തെ തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കിയത്. ഏകദേശം 24 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് മെയ് മൂന്നിന് നടന്ന നീറ്റ് പരീഷ എഴുതിയത്.

Leave a Reply

Your email address will not be published. Required fields are marked *