തലപ്പുഴ: തവിഞ്ഞാൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും ഡ്രൈനേജുകൾ അടിയന്തരമായി വൃത്തിയാക്കുകയും കൊതുക് നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും ചെയ്യണമെന്ന് എസ്.ഡി.പി.ഐ തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി.
പ്രധാന ടൗണുകളിലും ഗ്രാമങ്ങളിലും ഉള്ള ഡ്രൈനേജുകളിൽ മാലിന്യവും ചെളിയും അടിഞ്ഞുകൂടി വെള്ളം കെട്ടിക്കിടക്കുന്നത് കൊതുകുകളുടെ വ്യാപനത്തിനും ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങൾ പടരുന്നതിനും കാരണമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
പഞ്ചായത്ത് ഡ്രൈ ഡേ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും അവ കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ടെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.
അത് പോലെ പഞ്ചായത്തിലെ
പൊതുമരാമത്ത് വകുപ്പ് (PWD)ന്റെ കീഴിലുള്ള ഡ്രൈനേജുകൾ വൃത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും പഞ്ചായത്തും ആരോഗ്യവകുപ്പും ചേർന്ന് ഫോഗിംഗ് ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യണമെന്ന് കമ്മിറ്റി കൂട്ടിച്ചേർത്തു.
മേൽ ആവശ്യങ്ങൾ ഉന്നയിച്ച് പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് വി കെ മുഹമ്മദലി തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.
