മാനന്തവാടി: ദുരന്ത സാധ്യതാപ്രദേശങ്ങളിലെ മുന്നൊരുക്കം വിലയിരുത്തുന്നതിനും ജനങ്ങളെ ബോധവത്കരിക്കുന്നതിനും എടവക പഞ്ചായത്ത് ഗ്രാമയാത്ര നടത്തി. ഒരപ്പ് പകല്‍ വീട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ പ്രധാന പ്രളയബാധിത പ്രദേശങ്ങളായിരുന്ന ചൊവ്വ, ഒരപ്പ് അഗ്രഹാരം, വേങ്ങാരക്കടവ്, കാക്കഞ്ചേരി, കമ്മന, ചെറുവയല്‍, പായോട്, പാണ്ടിക്കടവ് വഴി ചാമാടിപ്പൊയിലില്‍ എത്തിയായിരുന്നു സമാപനം.
മുമ്പ് പ്രളയം ഉണ്ടായ സ്ഥലങ്ങളില്‍ അതത് വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരും ആര്‍ആര്‍ടി അംഗങ്ങളും വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കോ ഓര്‍ഡിനേറ്റര്‍മാരും പ്രദേശവാസികളും പ്രളയസാധ്യത വിലയിരുത്തി. ദുരന്തം അഭിമുഖീകരിച്ച പ്രദേശവാസികളില്‍നിന്ന് മുന്നൊരുക്കം സംബന്ധിച്ച് അഭിപ്രായം തേടി. വിവിധ കേന്ദ്രങ്ങളില്‍ ലൈഫ് കോച്ച് എ.കെ. ഷാനവാസ്, പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഇഖ്ബാല്‍, ഡബ്ല്യുഎസ്എസ്എസ് സേഫ് വിതിന്‍ പ്രോജക്ട് അംഗം സിസ്റ്റര്‍ ദിവ്യ മുണ്ടയ്ക്കല്‍, പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ഡെല്‍ന മേരി ജെയ്‌സണ്‍ എന്നിവര്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതില്‍ ബോധവത്കരണം നടത്തി. ജില്ലയില്‍ ആദ്യമായാണ് പഞ്ചായത്ത് മഴക്കാലപൂര്‍വ ഗ്രാമയാത്ര നടത്തുന്നത്.
