യോഗ വാരാചരണത്തിന് വയനാട്ടിൽ സമാപനം

പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് “ആരോഗ്യകരമായ വാർദ്ധക്യം യോഗയിലൂടെ” എന്ന പ്രമേയത്തെ ആസ്പദമാക്കി കേരള സർക്കാർ ആയുഷ് വകുപ്പും നാഷണൽ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിച്ച യോഗ വാരാചരണത്തിന്റെ വയനാട് ജില്ലാ തല സമാപന സമ്മേളനം കൽപ്പറ്റ സെന്റ് ജോസഫ് സ്കൂളിൽ നടന്നു.

ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സൽമ മോയിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. ലോകത്തിന് ഇന്ത്യയുടെ അമൂല്യമായ സംഭാവനകളിലൊന്നാണ് യോഗയെന്നും, വാർദ്ധക്യകാലത്ത് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ലഘൂകരിക്കാനും മാനസിക സമ്മർദ്ദം കുറയ്ക്കാനും യോഗ ഫലപ്രദമാണെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

കൽപ്പറ്റ നഗരസഭ ചെയർമാൻ ശ്രീ പി. വിശ്വനാഥൻ മുഖ്യാതിഥിയായി. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ശ്രീജ ഒ. കെ. യോഗദിന സന്ദേശം നൽകി. ഹോമിയോപ്പതി വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അച്ചാമ്മ ലെനു തോമസ് മുഖ്യപ്രഭാഷണം നടത്തി.

കൽപ്പറ്റ നഗരസഭ വാർഡ് കൗൺസിലർ അഡ്വ. അനീഷ കെ., ആർദ്രം മിഷൻ ജില്ലാ നോഡൽ ഓഫീസർ ഡോ. സുഷമ, സെന്റ് ജോസഫ് കോൺവെന്റ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അനിത മേരി, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. ബിജി എസ്. എൻ., സുൽത്താൻ ബത്തേരി താലൂക്ക് ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ബിനോയ് എ. പി., ഐ.എസ്.എം. ജില്ലാ മെഡിക്കൽ ഓഫീസ് സീനിയർ സൂപ്രണ്ട് ശ്രീ വിനോദ് എം. എസ്. എന്നിവർ ആശംസകൾ അർപ്പിച്ചു.

നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഹരിത ജയരാജ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി പ്രതിനിധി ഡോ. ദിവ്യ നന്ദിയും പറഞ്ഞു.

തുടർന്ന് ഡോ. ലക്ഷ്മി എൻ. നായർ, ഡോ. ദയ എന്നിവരുടെ നേതൃത്വത്തിൽ മാസ് യോഗ പ്രദർശനവും യോഗ ഡാൻസും അവതരിപ്പിച്ചു. ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള യോഗ പരിശീലകരും വിദ്യാർത്ഥികളും പൊതുജനങ്ങളും പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *