സുല്‍ത്താന്‍ ബത്തേരി: കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നൂല്‍പ്പുഴ സിഡിഎസിലുള്ള വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ പ്രോത്സാഹനവും പിന്തുണയും നല്‍കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്.
കനറ ബാങ്ക് നൂല്‍പ്പുഴ ശാഖ സ്പോണ്സര് ചെയ്ത നോട്ടുപുസ്തകങ്ങള്‍, പേനകള്‍ ഉള്‍പ്പെടെ സാമഗ്രികളാണ് വിതരണം ചെയ്തത്. നൂല്‍പ്പുഴ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നസീറ ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്സണ്‍ അഖില എബി അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗങ്ങള്‍, സിഡിഎസ് എക്സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
