ഇന്നും മഴ തന്നെ: 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്..7 ജില്ലകളില്‍ യെല്ലോ, ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ഇന്നും ഓറഞ്ച് അലർട്ട്. കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അലർട്ട് പ്രഖ്യാപിച്ചത്.

 

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റർ മുതല്‍ 204.4 മില്ലിമീറ്റർ വരെ മഴ പെയ്തേക്കാവുന്ന സാഹചര്യമാണിത്. കനത്ത ഇടിമിന്നലിനും മണിക്കൂറില്‍ 60 കിലോമീറ്റർ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍, മണ്ണൊലിപ്പ് സാധ്യതയുള്ളതിനാല്‍ രാത്രികാല യാത്രകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും.

 

ഏഴ് ജില്ലകളില്‍ മഞ്ഞ ജാഗ്രതയും ഉണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ഏഴ് ജില്ലകളില്‍ ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതയുള്ളതിനാല്‍ നദീതീരങ്ങളില്‍ ഉള്ളവർ ജാഗ്രത പാലിക്കണം എന്നാണ് മുന്നറിയിപ്പ്.

 

മഹാരാഷ്ട്ര തീരത്തോട് ചേർന്ന്, മധ്യ-കിഴക്കൻ അറബിക്കടലിന് മുകളിലായും വടക്കൻ തെലങ്കാനയ്ക്കും സമീപപ്രദേശങ്ങള്‍ക്കും മുകളിലായും രണ്ട് ചക്രവാതച്ചുഴികള്‍ നിലകൊള്ളുന്നുണ്ട്.. ഇതിന്റെ സ്വാധീനത്താല്‍ ജൂലൈ 3 വരെ കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. മാത്രമല്ല കേരളത്തില്‍ ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *