Headlines

വയനാട് ടൗണ്‍ഷിപ്പ്; കൂട്ടിയിട്ടിരിക്കുന്ന മണ്ണ് അടിയന്തിരമായി നീക്കം ചെയ്യാൻ സാങ്കേതിക സമിതി നിർദേശം

വയനാട് ടൗണ്‍ഷിപ്പില്‍ കൂട്ടിയിട്ടിരിക്കുന്ന മണ്ണു്, നിര്‍മ്മാണ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സാങ്കേതിക സമിതി നടത്തിയ സ്ഥലപരിശോധനയില്‍ മേഖലയില്‍ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കം ചെയ്യാന്‍ സമിതി നിര്‍ദേശിച്ചു. സോണ്‍ അഞ്ച് ഇ ക്ലസ്റ്റര്‍ വീടുകളുടെ പിന്‍ഭാഗത്ത് സ്വകാര്യ വീടുകളിലേക്ക് പുതുതായി നിര്‍മ്മിച്ച റോഡും ക്ലസ്റ്ററിന്റെ താഴെ ഭാഗത്തുള്ള വീടുകളും ക്ലസ്റ്ററിന്റെ പുറകു ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണും അന്വേഷണ സംഘം സന്ദര്‍ശിച്ചു. മണ്ണ് ലെവല്‍ ചെയ്തതിന്റെ മുകളില്‍ ഷീറ്റ് വിരിച്ച് വെള്ളം തടയാനും കെട്ടികിടക്കുന്ന വെള്ളം തൊട്ടടുത്ത തോട്ടിലേക്ക് എത്തിക്കുന്നതിനും അടിയന്തര സംവിധാനം ഒരുക്കാന്‍ യുഎല്‍ സി സി, കിഫ്കോണ്‍ അധികൃതര്‍ക്ക് സമിതി നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ മഴ മുന്നറിയിപ്പുള്ള സാഹചര്യങ്ങളില്‍ അഞ്ച് ഇ ക്ലസ്റ്ററിന്റെ താഴെ ഭാഗത്തെ സ്വകാര്യ വീടുകളിലെ ആളുകളെ മാറ്റി പാര്‍പ്പിക്കേണ്ടതുണ്ടെന്ന് സംഘം വിലയിരുത്തി.

 

കെ എസ് ഇ ബി സബ്സ്റ്റേഷന്‍ പ്രവൃത്തി നടക്കുന്ന സ്ഥലവും സംഘം സന്ദര്‍ശിച്ചു. പ്രദേശത്ത് ലെവല്‍ ചെയ്ത മണ്ണിനു മുകളിലായി കൂട്ടിയിട്ടിരിക്കുന്ന മുഴുവന്‍ മണ്ണും അടിയന്തിരമായി നീക്കം ചെയ്യും. ശേഷിക്കുന്ന മണ്ണ് സ്റ്റെപ്പ് ചെയ്ത് അപകട ഭീഷണി ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാന്‍ കെ എസ് ഇ ബി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ടൗൺഷിപ്പിലേക്ക് താത്ക്കാലികമായി നിർമ്മിച്ച റോഡിന് സമീപം തോടിന്റെ രണ്ട് ഭാഗത്തായി കൂട്ടിയിട്ടിരിക്കുന്ന മണ്ണ് പ്രസ്തുത സ്ഥലത്ത് നിന്നും റവന്യൂ സംഘം കണ്ടെത്തിയ സ്ഥലത്ത് നിക്ഷേപിക്കുന്നതിനുള്ള അടിയന്തര നടപടി കിഫ്കോണിന്‍റെ മേല്‍നോട്ടത്തില്‍ നടത്തണമെന്ന് സമിതി നിര്‍ദേശിച്ചു.

 

ടൗണ്‍ഷിപ്പ് സ്പെഷ്യല്‍ ഓഫീസര്‍ ഡോ. ജെ ഒ അരുണ്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്‍റ് ഡയറക്ടര്‍ പി. സി മജീദ്, ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടര്‍ വര്‍ഗീസ്, ജില്ലാ ജിയോളജിസ്റ്റ് ഷെല്‍ജു മോന്‍, ടൗൺ പ്ലാനർ രഞ്ചിത്ത്, മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എന്‍ജിനീയർ സുരേഷ് കുമാർ, പി ഡബ്ല്യൂ ഡി എക്സിക്യൂട്ടീവ് എന്‍ജിനീയർശ്രീജിത്ത്‌, ഹസാര്‍ഡ് അനലിസ്റ്റ് അരുണ്‍ പീറ്ററ്‍, വിവിധ ഉദ്യോഗസ്ഥർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *