സുൽത്താൻ ബത്തേരി: വിശ്വാസം പൂർണമാവണമെങ്കിൽ പ്രവാചക സ്‌നേഹം അനിവാര്യമാണെന്നും പ്രവാചക ജീവിതത്തിലേക്ക് മടങ്ങിയാൽ മാത്രമേ മനുഷ്യന് സൻമാർഗ്ഗ ദർശനം സാധ്യമാവുകയുള്ളൂ എന്നും സമസ്ത ജില്ലാ പ്രസിഡൻ്റ് കെ.ടി ഹംസ മുസ്‌ലിയാർ പറഞ്ഞു. പ്രവാചക പരമ്പരയുടെ പിൻഗാമികളായ പണ്ഡിതൻമാർ പ്രവാചക ദൗത്യം സമൂഹത്തിൽ നിർവ്വഹിക്കാൻ സദാ സന്നദ്ധമാവണമെന്നും സമസ്ത ഇവിടെ നിർവ്വഹിച്ചു വരുന്നത് അതാണെന്നും അദ്ദേഹം പറഞ്ഞു. സമസ്ത സുൽത്താൻ ബത്തേരി താലൂക്ക് കമ്മിറ്റി ഇസ്‌ലാമിക് സെൻ്ററിൽ സംഘടിപ്പിച്ച പണ്ഡിത സംഗമവും സമസ്ത സെക്രട്ടറി ശൈഖുൽ ജാമിഅ ആലിക്കുട്ടി മുസ്‌ലിയാർ അനുസ്മരണ പ്രാർത്ഥനാ സദസ്സും ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത സെക്രട്ടറിയായി ഒരു പതിറ്റാണ്ട് നേതൃത്വം നല്കിയ പ്രൊഫസർ കെ ആലിക്കുട്ടി മുസ്‌ലിയാർ ഈ ദൗത്യ നിർവ്വഹണത്തിൽ വ്യക്തി മുദ്ര പതിപ്പിച്ച പണ്ഡിതനായിരുന്നു. ബാല്യകാലം മുതൽ മരണം വരെ അറിവിൻ്റെ വഴിയിൽ സഞ്ചരിച്ച ആലിക്കുട്ടി മുസ്‌ലിയാർ സമൂഹത്തിന് നിരവധി മാതൃകകൾ പങ്കുവെച്ചാണ് നമ്മിൽ നിന്ന് വിട പറഞ്ഞതെന്നും ഹംസ മുസ്‌ലിയാർ പറഞ്ഞു. സമസ്ത താലൂക്ക് പ്രസിഡൻ്റ് കെ.കെ ഉമർ ഫൈസി അധ്യക്ഷനായി. ശൗക്കത്തലി മൗലവി അനുസ്‌മരണ പ്രഭാഷണവും മൗലിദിൻ്റെ പ്രാധാന്യവും വിശദീകരിച്ചു. അബൂബക്കർ ഫൈസി മണിച്ചിറ, എൻ. എ സുലൈമാൻ ദാരിമി വാകേരി, കെ ഖാലിദ് ഫൈസി, നജ്മുദ്ദീൻ ദാരിമി ചെതലയം, മുഹമ്മദ് ദാരിമി വാകേരി, ഇസ്‌മാഈൽ ദാരിമി വേങ്ങൂർ, മുബാറക് അലി മിസ്ബാഹി, ഹംസ ഫൈസി മണിച്ചിറ, ഉമർ നിസാമി മാടക്കര, ശഹീർ ഫൈസി ചെതലയം, അബൂബക്കർ മുസ്‌ലിയാർ മുത്തങ്ങ, അബ്ദുറസാഖ് ദാരിമി ബീനാച്ചി, അബ്ദുൽ കരീം ബാഖവി, റംഷാദ് ഫൈസി പഴേരി, ശാഫി ഫൈസി അമ്പുകുത്തി, അബ്ദുൽ ഖാദർ ഫൈസി, ഹംസ ഫൈസി ചേരമ്പാടി, സൈദ് മുഹമ്മദ് നുജൂമി, ഹംസ നുജൂമി, ശരീഫ് ഫൈസി വാകേരി സംബന്ധിച്ചു. സമസ്ത താലൂക്ക് സെക്രട്ടറി മുസ്ഥഫ ദാരിമി കല്ലുവയൽ സ്വാഗതവും കെ.കെ.എം ഹനീഫൽ ഫൈസി നന്ദിയും പറഞ്ഞു.
വിശ്വാസം പൂർണമാവണമെങ്കിൽ പ്രവാചക സ്‌നേഹം അനിവാര്യം കെ.ടി ഹംസ മുസ്‌ലിയാർ
