കൊച്ചി: പൊതുപ്രവർത്തനത്തിന്റെയും ജനസേവനത്തിന്റെയും തിരക്കുകൾക്കിടയിലും ദീർഘകാലത്തെ ആഗ്രഹമായിരുന്ന നിയമപഠനം പൂർത്തിയാക്കി അഡ്വ. ജുനൈദ് കൈപ്പാണി കേരള ബാർ കൗൺസിലിൽ അഭിഭാഷകനായി എൻറോൾ ചെയ്തു.
കേരള ഹൈക്കോടതിയിൽ നടന്ന ചടങ്ങിൽ ജസ്റ്റിസ് പി.എം മനോജിൽ നിന്നും ഔദ്യോഗികമായി എൻറോൾമെന്റ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
കാലിക്കറ്റ്
സർവകലാശാലയുടെ കീഴിലുള്ള മർകസ് ലോ കോളേജിലായിരുന്നു എൽ.എൽ.ബി ബിരുദ പഠനം.
2020-2025 കാലയളവിൽ വയനാട് ജില്ലാ പഞ്ചായത്ത് മെമ്പറായും വയനാട് ജില്ലാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പദവി വഹിച്ചും ശ്രദ്ധേയവും മാതൃകപരവുമായ പ്രവർത്തനം നടത്തിയ ജുനൈദ് വിദ്യാഭ്യാസ പ്രവർത്തകൻ, പ്രഭാഷകൻ, എഴുത്തുകാരൻ എന്നീ നിലകളിലും സജീവമാണ്.
എം.കോം, ബി.എഡ്, മനഃശാസ്ത്ര കൗൺസലിംഗിൽ പി.ജി. ഡിപ്ലോമ എന്നിവയ്ക്ക് പുറമെ പ്രാദേശിക ഭരണനിർവഹണവും അധികാര വികേന്ദ്രീകരണവുമായി ബന്ധപ്പെട്ട പ്രത്യേക പരിശീലനവും അദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്. ‘വികേന്ദ്രീകൃതാസൂത്രണം – ചിന്തയും പ്രയോഗവും’ ഉൾപ്പെടെ ഏഴോളം ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്.
നിലവിൽ ന്യൂറോനെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (എൻ. ഐ.എസ്.ആർ)-ന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായും ലെറ്റ്സ് ലൈഫ് അക്കാദമിയുടെ ചെയർമാനായും പ്രവർത്തിക്കുന്നു. പൊതുപ്രവർത്തനത്തിലൂടെ ആർജിച്ച അനുഭവവും നിയമപരിജ്ഞാനവും സമന്വയിപ്പിച്ച് സാധാരണ ജനങ്ങൾക്ക് കൂടുതൽ ഫലപ്രദമായ നിയമസഹായം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് താൻ അഭിഭാഷക ജീവിതത്തിന് തുടക്കം കുറിക്കുന്നതെന്ന് ജുനൈദ് കൈപ്പാണി വ്യക്തമാക്കി.
