ബത്തേരി ക്ഷീരസംഘം തെരഞ്ഞെടുപ്പില്‍ സഹകരണ മുന്നണിക്ക് വിജയം.

സുല്‍ത്താന്‍ ബത്തേരി: ക്ഷീര സംഘം ഭരണസമിതി തെരഞ്ഞെടുപ്പില്‍ സിപിഎം നേതൃത്വം നല്‍കുന്ന സഹകരണ മുന്നണിക്ക് വിജയം. തെരഞ്ഞെടുപ്പ് നടന്ന ആറു സീറ്റില്‍ സഹകരണ മുന്നണിയിലെ എബി ജോസഫ്, കെ.സി. ഗോപിദാസ്, കെ.എ. മത്തായി, കെ.കെ. പൗലോസ്, സിന്ധു ഹരിദാസ്, സി.വി, സുജാത എന്നിവരാണ് വിജയിച്ചത്. സ്വതന്ത്ര ക്ഷീര കര്‍ഷക മുന്നണി സ്ഥാനാര്‍ഥികളെയാണ് പരാജയപ്പെടുത്തിയത്.
മൂന്ന് സീറ്റില്‍ സഹകരണ മുന്നണി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ വിജയിച്ചിരുന്നു. എസ്‌സി-എസ്ടി വിഭാഗത്തില്‍ എം. ഭാസ്‌കരന്‍, 40 വയസില്‍ താഴെയുള്ള പുരുഷ, വനിതാ വിഭാഗങ്ങളില്‍ അനീഷ് ബാബു, കെ.ബി. സോള്‍ന എന്നിവരാണ് നേരത്തേ വിജയിച്ചത്.
ഭരണസമിതിയുടെ പ്രഥമയോഗം പ്രസിഡന്റായി കെ.കെ. പൗലോസിനെയും വൈസ് പ്രസിഡന്റായി സിന്ധു ഹരിദാസിനെയും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് വിജയത്തില്‍ ആഹഌദം അറിയിച്ച് സിപിഎം പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം നാല് വരെ സിഎസ്‌ഐ പാരിഷ് ഹാളിലായിരുന്നു വോട്ടെടുപ്പ്. ഇതിനിടെ രാവിലെയും ഉച്ചയ്ക്കുമുണ്ടായ സംഘര്‍ഷത്തില്‍ സ്വതന്ത്ര ക്ഷീര കര്‍ഷക മുന്നണി സ്ഥാനാര്‍ഥികളായ എ.എസ്. ജോസ്(67), കെ.കെ. പദ്മനാഭന്‍(55), സിപിഎം പ്രവര്‍ത്തകന്‍ ബൊമ്മന്‍(62)എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ താലൂക്ക് ഗവ.ആശുപത്രിയില്‍ ചികിത്സ നേടി.

Leave a Reply

Your email address will not be published. Required fields are marked *