പനമരം: ഒട്ടേറെ വിദ്യാർഥികളെ ഉയർന്ന തലങ്ങളിലേക്കെത്തിച്ച കലാലയമാണ് ഡബ്ല്യു.എം.ഒ. ഇമാം ഗസ്സാലി ആർട്സ് & സയൻസ് കോളേജ് എന്ന് ഉഷ വിജയൻ എം.എൽ.എ. അഭിപ്രായപ്പെട്ടു. സമൂഹത്തിൻ്റെ ചരിത്രത്തെയും പൈതൃകങ്ങളെയും പുതിയകാലവുമായി വിളക്കിച്ചേർക്കുന്നതിൽ കലയും ശാസ്ത്രവും സാഹിത്യവും സമന്വയിച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വലിയ പങ്കുണ്ട്. ഡബ്ല്യു.എം.ഒ. സ്ഥാപനങ്ങൾ സാമൂഹിക പ്രതിബദ്ധതയ്ക്ക് മാതൃകയാണെന്നും അവർ അഭിപ്രായപ്പെട്ടു. കാമ്പസിൽ നവാഗത വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച ‘ഇൻസെപ്റ്റോ 2026’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
ഡബ്ല്യു.എം.ഒ. ട്രഷറർ അഡ്വ. കെ. മൊയ്തു അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസത്തോടൊപ്പം അച്ചടക്കവും മൂല്യങ്ങളും ജീവിതത്തിൽ പകർത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്തെ പുതിയ സാധ്യതകളെക്കുറിച്ചും വ്യക്തിത്വ വികസനത്തെക്കുറിച്ചും മുഖ്യപ്രഭാഷണം നടത്തിയ ഡോ. കെ.ടി. അഷ്റഫ് വിശദീകരിച്ചു.
ഡബ്ല്യു.എം.ഒ. ഭാരവാഹികളായ മായൻ മണിമ, അണിയാരത്ത് മമ്മുട്ടി ഹാജി, അഹമ്മദ് മാസ്റ്റർ, മഞ്ചേരി കുഞ്ഞഹമ്മദ്, ചയപ്പേരി മൊയ്തുഹാജി, സുലൈമാൻ മുറിക്കഞ്ചേരി, വൈസ് പ്രിൻസിപ്പൽ സുബ്ന എം.പി, നീതു.പി.വി, വിവിധ വകുപ്പ ധ്യക്ഷൻമാർ തുടങ്ങിയവർ ആശംസകൾ നേർന്നു. ക്യാമ്പസ് പരിചയപ്പെടുത്തുന്നതിനും വിദ്യാർഥികളിൽ സാമൂഹിക പ്രതിബദ്ധതയും മൂല്യബോധവും വളർത്തുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്.
