മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിന്റെ വികസനവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പ് നടപടികൾ അടിയന്തിരമായി പൂർത്തിയാക്കണമെന്നും അടിസ്ഥാന സൗകര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ സർക്കാർ തലത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടലുണ്ടാകണമെന്നും മാനന്തവാടി മർച്ചന്റ്സ് യൂത്ത് വിംഗ് ആവശ്യപ്പെട്ടു.
മെഡിക്കൽ കോളേജിന്റെ സ്ഥിരം കാമ്പസിനായി അമ്പുകുത്തിയിൽ കണ്ടെത്തിയ വനംവകുപ്പിന്റെ 28 ഏക്കർ ഭൂമി വിട്ടുനൽകുന്നതിലെ അനിശ്ചിതത്വം നീളുകയാണ്. ഈ സാഹചര്യത്തിൽ, കുഴിനിലത്ത് കണ്ടെത്തിയ KSEB-യുടെ ഭൂമി ഏറ്റെടുത്ത് നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തിരമായി ആരംഭിക്കണം. വരും അധ്യയന വർഷത്തേക്ക് പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ, ഹോസ്റ്റലുകൾ, അനുബന്ധ കെട്ടിടങ്ങൾ എന്നിവ ഉറപ്പാക്കണമെന്നും ആവശ്യത്തിന് ഡോക്ടർമാരെയും ജീവനക്കാരെയും നിയമിച്ച് ആശുപത്രി പൂർണ്ണ സജ്ജമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കേന്ദ്ര-സംസ്ഥാന തലങ്ങളിലുള്ള സാങ്കേതിക തടസ്സങ്ങളും ഭരണാനുമതികളും വേഗത്തിലാക്കിയില്ലെങ്കിൽ അത് വയനാടിന്റെ ആരോഗ്യ മേഖലയെ പ്രതികൂലമായി ബാധിക്കും. പുതിയ അത്യാധുനിക അക്കാദമിക് ബ്ലോക്കുകൾ, സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ, വിപുലമായ ICU സംവിധാനങ്ങൾ എന്നിവ യാഥാർത്ഥ്യമാക്കാൻ ഭൂമി കൈമാറ്റം എത്രയും വേഗത്തിൽ പൂർത്തിയാക്കേണ്ടതുണ്ട്.
പ്രദേശത്തെ കച്ചവട സമൂഹവും പൊതുജനങ്ങളും ദീർഘകാലമായി കാത്തിരിക്കുന്ന ഈ പദ്ധതിക്ക് വേഗത കൂട്ടാൻ ജനപ്രതിനിധികളും സർക്കാരും അടിയന്തിരമായി ഇടപെടണം. അല്ലാത്തപക്ഷം വരും ദിവസങ്ങളിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
മാനന്തവാടി മർച്ചന്റ്സ് യൂത്ത് വിംഗ് പ്രസിഡന്റ് ഗോപൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഭാരവാഹികളായ ഇക്ബാൽ, റഷീദ്, റോബി ചാക്കോ, അനിൽകുമാർ, ദിലീപ്, നിസാർ, സുജേഷ്, സിറാജ് , സുജീർ, മഹേഷ്, തുടങ്ങിയവർ സംസാരിച്ചു.
