പുൽപള്ളി ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾ കാലാതീതമാണെന്ന് ശിവഗിരി മഠം സന്യാസിനി സ്വാമിനി മാതാ നാരായണ ചൈതന്യമയി അഭിപ്രായപ്പെട്ടു. ഗുരുധർമ്മ പ്രചരണ സഭ, മാതൃസഭ, യുവജനസഭ വയനാട് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കേണിച്ചിറ ശ്രീനാരായണ ഗുരുദേവ സേവാശ്രമത്തിൽ നടന്ന 172-മത് ശ്രീനാരായണഗുരു ജയന്തി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമിനി. നൂറുവർഷം മുമ്പ് ഗുരു പറഞ്ഞ കാര്യങ്ങൾ ഇന്ന് ആധുനികലോകം ചർച്ച ചെയ്യുന്ന ഏറ്റവും പുതിയ ആശയങ്ങളാണ്. ജാതിയെ മതത്തിന്റെ വേലിക്ക് അപ്പുറത്തേക്ക് കൊണ്ടുപോകുകയാണ് ഗുരുദേവൻ ചെയ്തത്.മനുഷ്യൻ ആദ്യം , പിന്നെ മതം എന്ന ഗുരു വീക്ഷണം ഇന്നത്തെ ഐഡന്റിറ്റി പൊളിറ്റിക്സിനുള്ള ഏറ്റവും വലിയ മറുപടിയാണ്. വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാമൂഹ്യ വിപ്ലവം സാധ്യമാകൂ എന്ന ഗുരുവിന്റെ കാഴ്ചപ്പാട് ലോകമുള്ള കാലത്തോളം നിലനിൽക്കുന്നതാണ്. ശാസ്ത്രവും ആത്മീയതയും പരസ്പര പൂരകങ്ങൾ ആണെന്ന തത്വശാസ്ത്രമാണ് ദൈവദശകത്തിലും ആത്മോപദേശ ശതകത്തിലും ഗുരു വെളിപ്പെടുത്തുന്നത്.അവനവൻ ആത്മസുഖത്തിനാചരിക്കുന്നവ അപരനു സുഖത്തിനായ് വരേണം എന്ന ഗുരുവചനം കാലത്തിന് വെളിച്ചമായി മാറി.മതത്തിന്റെ പേരിൽ ഇന്ന് ലോകമെമ്പാടും യുദ്ധം നടക്കുമ്പോൾ ‘എല്ലാ മതങ്ങളുടെയും സാരം ഒന്നാണ് ‘ എന്ന ഗുരുവിന്റെ വാക്കിനേക്കാൾ വലിയ സമാധാന മന്ത്രം വേറെ ഇല്ലെന്നും സ്വാമിനി നാരായണ ചൈതന്യമയി അഭിപ്രായപ്പെട്ടു.
ഗുരുവിന്റെ ഹോമ മന്ത്ര പ്രകാരമുള്ള ഹോമം, വിശേഷാൽ ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി ഗുരുദേവകൃതികളുടെ ആലാപനം,ജയന്തി സമ്മേളനം,ചതയദിനസദ്യ എന്നിവയും ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്നു.
ജയന്തി സമ്മേളനം പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ കെ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗുരുധർമ്മ പ്രചരണ സഭ ജില്ലാ പ്രസിഡണ്ട് കെ ആർ ജയരാജ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ എ വി ജയൻ മുഖ്യപ്രഭാഷണം നടത്തി. ജിഡിപിഎസ് ജില്ലാ സെക്രട്ടറി എൻ എൻ ചന്ദ്രബാബു മാതൃസഭ ജില്ലാ പ്രസിഡണ്ട് നിഷാരാജൻ സെക്രട്ടറി പി ബി സജിനി യുവജനസഭ ജില്ലാ സെക്രട്ടറി സി ആർ പ്രദീപ് കേന്ദ്ര സമിതി അംഗങ്ങളായ സരസു നാരായണൻകുട്ടി, സി കെ ദിവാകരൻ,കെ ആർ ഗോപി ജില്ലാ വൈസ് പ്രസിഡണ്ട് സി എൻ പവിത്രൻ സെക്രട്ടറി കെ എൻ ചന്ദ്രൻ ട്രഷറർ പി വി സന്തോഷ് ഭാരവാഹികളായ പി പുഷ്പവല്ലി, ഓമന ബഷി,പി കെ മാധവൻ,എം എൻ ഗോപാലൻ,കെ കെ രാഘവൻ,പി കെ നാരായണൻ, ടി കെ വിശ്വംഭരൻ ശ്രീനിവാസൻ പുന്നത്താനത്ത് പി ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.
