രുചിയുടെ ഓണവിപണി കീഴടക്കി കുടുംബശ്രീ; 2355 സദ്യകൾ

കൽപ്പറ്റ: ഓണാഘോഷങ്ങളുടെ ഭാഗമായി കുടുംബശ്രീ സംരംഭകർ ഒരുക്കിയ ഓണസദ്യയ്ക്ക് ലഭിച്ചത് മികച്ച പ്രതികരണം. ജില്ലയിലെ 19 യൂണിറ്റുകളുടെ നേതൃത്വത്തിൽ 9 ദിവസംകൊണ്ട് 4,94,500 രൂപയുടെ വരുമാനം നേടാനായി.

വീടുകളിലേക്കും വിവിധ സ്ഥാപനങ്ങളിലേക്കുമെത്തിച്ച ഓണസദ്യയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. 263 ഓർഡറുകളിലായി 2355 ഓണസദ്യകൾ വിതരണം ചെയ്തു. കുടുംബശ്രീ വനിതാ സംരംഭകർ തയാറാക്കിയ വിഭവങ്ങൾ ഉൾപ്പെടുത്തിയ സദ്യയാണ് വിതരണം ചെയ്തത്.

ഓണവിപണിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കുടുംബശ്രീ സംരംഭകർക്ക് അധിക വരുമാനം ഉറപ്പാക്കുന്നതിനും പ്രാദേശികമായി തയ്യാറാക്കുന്ന ഭക്ഷ്യവിഭവങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനും പദ്ധതി സഹായകമായി. ഓർഡറുകൾ സമയബന്ധിതമായി സ്വീകരിച്ച് ഗുണമേന്മ ഉറപ്പാക്കിയാണ് സദ്യകൾ വിതരണം ചെയ്തത്.

 

കുടുംബശ്രീ ജില്ലാ മിഷനാണ് സംരംഭകരെ കോർത്തിണക്കി ആഗസ്ത് 18 മുതൽ ഓണസദ്യയ്ക്ക് ഓർഡറുകൾ സ്വീകരിച്ചു തുടങ്ങിയത്. ഇതിനായി 4 ബ്ലോക്കുകളിലും കോൾസെൻ്ററും സജ്ജമാക്കി. ജില്ലയിലെ കുടുംബശ്രീ എംഇസിമാരാണ് കോൾ സെൻ്റർ കൈകാര്യം ചെയ്തത്.

 

ശ്രദ്ധേയമായി കുടുംബശ്രീ ഓണച്ചന്തകൾ ; 53 ലക്ഷത്തിൻ്റെ വിറ്റുവരവ്

 

ജില്ലയിലെ വിവിധ ഭാഗങ്ങളിലായി നടന്ന ഓണച്ചന്തകളിൽ 1,212 കുടുംബശ്രീ സംരംഭക യൂണിറ്റുകളും 2800 ജെ.എൽ.ജി യൂണിറ്റുകളുമാണ് പങ്കാളികളായത്. മുൻ വർഷത്തെക്കാൾ വിറ്റുവരവും, ജില്ലയിലെ കുടുംബശ്രീ ഓണവിപണിയിലെ സർവകാല റെക്കോർഡുമാണ് ഈ വർഷത്തെ വില്പന. നൂൽപ്പുഴ സിഡിഎസ് ജില്ലയിൽ ഏറ്റവും കൂടുതൽ വിറ്റുവരവ് നേടി ഒന്നാമതെത്തി.ഭക്ഷ്യ ഉൽപ്പന്നങ്ങൾ, നാടൻ പലഹാരങ്ങൾ, അച്ചാറുകൾ, മസാലപ്പൊടികൾ, ധാന്യപ്പൊടികൾ, മില്ലറ്റ് ഉൽപ്പന്നങ്ങൾ, ബേക്കറി ഉൽപ്പന്നങ്ങൾ, കൈത്തറി ഉൽപ്പന്നങ്ങൾ, വസ്ത്രങ്ങൾ, വെളിച്ചെണ്ണ, തേൻ, സോപ്പ്, ടോയ്‍ലറ്ററീസ് എന്നിങ്ങനെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് മേളകളിൽ വിറ്റത്. കർഷകർ ഉൽപ്പാദിപ്പിച്ച നാടൻ പച്ചക്കറികൾക്കും ഓണത്തോടനുബന്ധിച്ച് കൃഷി ചെയ്ത വിവിധയിനം പൂക്കൾക്കും മികച്ച ആവശ്യക്കാരുണ്ടായി. ഓണസദ്യക്കാവശ്യമായ പച്ചക്കറികളും അത്തപ്പൂക്കളമൊരുക്കാനുള്ള പൂക്കളും കുടുംബശ്രീ വിപണനമേളകളിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *