നാളികേര മൂല്യവർധനവിന് കേരളത്തിൽ ‘കോകനട്ട് പാർക്ക്’; കേന്ദ്ര സഹകരണത്തോടെ യാഥാർത്ഥ്യമാക്കാൻ സംസ്ഥാനം സജ്ജം: മുഖ്യമന്ത്രി

നാളികേര മൂല്യവർധനവിന് കേരളത്തിൽ ‘കോകനട്ട് പാർക്ക്’; കേന്ദ്ര സഹകരണത്തോടെ യാഥാർത്ഥ്യമാക്കാൻ സംസ്ഥാനം സജ്ജം: മുഖ്യമന്ത്രി

ഉൽപാദനം മുതൽ കയറ്റുമതി വരെ സമഗ്രമായ മുന്നേറ്റം; ‘‘കോകനട്ട് റീജുവനേഷൻ പ്ലാൻ’ നടപ്പാക്കും: കൃഷിമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ നാളികേര മേഖലയെ ആധുനികവത്കരിക്കുന്നതിനും കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിനുമായി പ്രത്യേക ‘കോകനട്ട് വാല്യൂ അഡിഷൻ പാർക്ക്’ ആരംഭിക്കുന്നതിന് കേന്ദ്ര സർക്കാരും നാളികേര വികസന ബോർഡും മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആവശ്യപ്പെട്ടു. പാർക്ക് യാഥാർത്ഥ്യമാക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും പൂർണ പിന്തുണയും സംസ്ഥാന സർക്കാർ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാളികേര വികസന ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയതല ലോക നാളികേര ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരുകാലത്ത് രാജ്യത്തെ ആകെ നാളികേര ഉൽപ്പാദനത്തിന്റെ 50 മുതൽ 55 ശതമാനം വരെ സംഭാവന ചെയ്തിരുന്ന കേരളം ഇന്ന് ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണം. പരമ്പരാഗത രീതികളിൽ നിന്ന് മാറി ശാസ്ത്രീയവും ആസൂത്രിതവുമായ പ്ലാന്റേഷൻ മാതൃകയിലേക്ക് നാളികേര കൃഷിയെ മാറ്റേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

 

കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ശാസ്ത്രീയമായ അകലം പാലിച്ചുള്ള നടീൽ, മണ്ണുപരിശോധന, കൃത്യമായ വളപ്രയോഗം, രോഗനിയന്ത്രണം എന്നിവ ഉൾപ്പെടുത്തിയ പ്ലാന്റേഷൻ രീതിയാണ് പിന്തുടരുന്നത്. കേരളത്തിലും ശാസ്ത്രീയ പരിപാലനവും ഫലപ്രദമായ രോഗനിയന്ത്രണവും ഉറപ്പാക്കി ഉൽപാദനക്ഷമത വർധിപ്പിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

 

നാളികേര മേഖലയുടെ പുനരുജ്ജീവനത്തിന് മൂല്യവർധനവ് നിർണായകമാണ്. ശ്രീലങ്കയിലെ കൊളംബോ വിമാനത്താവളത്തിൽ 20 വർഷത്തിന് മുൻപ് തന്നെ തെങ്ങിൽ നിന്നുള്ള ഇരുനൂറിലധികം മൂല്യവർധിത ഉൽപ്പന്നങ്ങൾ ഒരിടത്ത് വിപണനം ചെയ്ത ഷോറൂം സന്നർശിച്ച അനുഭവവും മുഖ്യമന്ത്രി പങ്കുവെച്ചു. ചിരട്ട ഉൽപ്പന്നങ്ങൾ, പായ്ക്ക് ചെയ്ത കരിക്ക്-തേങ്ങവെള്ളം, തെങ്ങിൻ തടി ഉപയോഗിച്ചുള്ള ഫർണിച്ചർ തുടങ്ങി നാളികേരത്തിന്റെ വിവിധ ഭാഗങ്ങൾ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി വിപണിയിലെത്തിക്കുന്നതിലൂടെ കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കാനാകും. നാളികേരാധിഷ്ഠിത വ്യവസായങ്ങൾക്കും ഗവേഷണത്തിനും ഉൽപ്പന്ന വികസനത്തിനും പ്രാധാന്യം നൽകുന്ന കോകനട്ട് പാർക്ക് ഈ രംഗത്ത് വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാർഷിക മേഖലയിലെ കർഷകരുടെ കുടിശ്ശികകൾ തീർക്കുന്നതിനും ഉൽപ്പന്നങ്ങൾക്ക് അടിസ്ഥാനവില ഉറപ്പാക്കി സംഭരണം കാര്യക്ഷമമാക്കുന്നതിനും സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിലെ നാളികേര കൃഷിയുടെ ഉൽപാദനവും ഉൽപാദനക്ഷമതയും വർധിപ്പിക്കുന്നതിനൊപ്പം മൂല്യവർധന, വിപണനം, കയറ്റുമതി എന്നിവ ഉൾപ്പെടുന്ന സമഗ്ര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു. നാളികേരം കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു കാർഷികവിള മാത്രമല്ല; കുടുംബജീവിതത്തോടും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയോടും സംസ്കാരത്തോടും വൈകാരികമായി ഇഴചേർന്നുനിൽക്കുന്ന വിളയാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ തെങ്ങുകൃഷിയെ പുനരുജ്ജീവിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാരുമായും നാളികേര വികസന ബോർഡുമായും സഹകരിച്ച് ‘കോകനട്ട് റീജുവനേഷൻ പ്ലാൻ’ നടപ്പാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതിന്റെ ഭാഗമായി വിവിധ പങ്കാളികളെ ഉൾപ്പെടുത്തി സ്റ്റേക്ക്‌ഹോൾഡേഴ്സ് മീറ്റുകൾ സംഘടിപ്പിക്കും. നാളികേരത്തിന്റെ ഉൽപാദനം മുതൽ മൂല്യവർധന, വിപണനം, കയറ്റുമതി വരെയുള്ള മേഖലകളെ ബന്ധിപ്പിച്ചുള്ള സമഗ്ര പദ്ധതികളാണ് സർക്കാർ ലക്ഷ്യമിടുന്നത്.

 

നാളികേരാധിഷ്ഠിത മൂല്യവർധിത ഉൽപ്പന്നങ്ങളുടെ വികസനത്തിനും കയറ്റുമതി സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുമായി പ്രത്യേക ‘കോകനട്ട് ഡെവലപ്മെന്റ് പാർക്ക്’ സ്ഥാപിക്കുന്നതിനുള്ള ഭൂമി ഇതിനകം ക്രമീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. നാളികേരാധിഷ്ഠിത വ്യവസായങ്ങൾ, ഉൽപ്പന്ന വികസനം, വിപണി–കയറ്റുമതി സാധ്യതകൾ എന്നിവയെ ഏകോപിപ്പിക്കുന്ന കേന്ദ്രമായി പാർക്കിനെ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

 

മുൻകാലങ്ങളിൽ തിരിച്ചടി നേരിട്ട നീര പദ്ധതി, കർഷക ഉൽപ്പാദക സംഘടനകൾ (FPOs) എന്നിവയുടെ പ്രവർത്തനം വിശദമായി പഠിച്ച് പുനരുജ്ജീവിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ നിർദേശിക്കാൻ പ്രത്യേക വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തും. ആവശ്യമായ ബാക്ക്‌വേർഡ് ലിങ്കേജ് സംവിധാനങ്ങൾ ഉൾപ്പെടെ പരിശോധിച്ച് നാളികേരാധിഷ്ഠിത സംരംഭങ്ങൾക്ക് ശക്തമായ ഉൽപാദന–വിപണി ശൃംഖല സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. അടുത്ത മൂന്ന് മാസത്തിനകം കയറ്റുമതിക്കാരെയും സംരംഭകരെയും ഒരുമിപ്പിച്ച് B2B മീറ്റുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

കേന്ദ്ര കൃഷി–കർഷകക്ഷേമ മന്ത്രിയുമായും നാളികേര വികസന ബോർഡുമായും കേരളത്തിലെ നാളികേര വികസനവുമായി ബന്ധപ്പെട്ട പദ്ധതികൾ ഇതിനകം ചർച്ച ചെയ്തിട്ടുണ്ട്. കേരളത്തിന്റെ മുന്നേറ്റത്തിന് കേന്ദ്ര സർക്കാരിന്റെയും നാളികേര വികസന ബോർഡിന്റെയും പൂർണ പിന്തുണ ഉണ്ടാകണമെന്നും കൃഷിമന്ത്രി അഭ്യർത്ഥിച്ചു. കഴിഞ്ഞ ഓണക്കാലത്ത് സംസ്ഥാനത്ത് 2,000 കർഷക ചന്തകൾ ആരംഭിച്ച് പൊതുവിപണിയിലെ വില നിയന്ത്രിക്കുന്നതിനായി നടത്തിയ വിപണി ഇടപെടലുകൾക്ക് മുഖ്യമന്ത്രി നൽകിയ പിന്തുണയും മന്ത്രി പ്രത്യേകം പരാമർശിച്ചു.

 

കേന്ദ്ര കൃഷി–കർഷകക്ഷേമ സഹമന്ത്രി രാം നാഥ് ഠാക്കൂർ കേരളത്തിന് പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട്, നാളികേര മേഖലയിലെ കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും മേഖലയെ സമഗ്രമായി വികസിപ്പിക്കുന്നതിനും കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. നാളികേര ഉൽപ്പാദനവും മൂല്യവർധനവും പ്രോത്സാഹിപ്പിച്ച് രാജ്യത്തെ നാളികേര കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾക്ക് കേന്ദ്ര സർക്കാർ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. നാളികേര വികസന ബോർഡിന്റെ നേതൃത്വത്തിൽ കേരളത്തിൽ ദേശീയതലത്തിൽ ലോക നാളികേര ദിനാഘോഷം സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. “അനിശ്ചിതത്വത്തിന്റെ കാലത്ത് നാളികേരം: ഭക്ഷണം, ഊർജം, ഉപജീവനമാർഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നത്” എന്ന ഈ വർഷത്തെ ലോക നാളികേര ദിന സന്ദേശം നാളികേര മേഖല നേരിടുന്ന സമകാലിക വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ ഏറെ പ്രസക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ കോടിക്കണക്കിന് നാളികേര കർഷകർക്കും ലോകമെമ്പാടുമുള്ള നാളികേര മേഖലയിലെ മുഴുവൻ കുടുംബങ്ങൾക്കും അദ്ദേഹം ലോക നാളികേര ദിനാശംസകൾ നേർന്നു.

 

ദേശീയ നാളികേര ദിനാഘോഷത്തിന്റെ ഭാഗമായി മികച്ച കേര കർഷകരെയും സംരംഭകരെയും ചടങ്ങിൽ ആദരിച്ചു. മികച്ച പരമ്പരാഗത കേര കർഷകയ്ക്കുള്ള ദേശീയ പുരസ്കാരം മലപ്പുറം സ്വദേശിനി സുഷമ പി.ടി.യും, നോൺ-ട്രഡീഷണൽ വിഭാഗത്തിലെ പുരസ്കാരം ഛത്തീസ്ഗഡിലെ ബസ്തർ ജില്ലയിൽ നിന്നുള്ള ഇഷാന്ത് സിംഗ് റാത്തോറും ഏറ്റുവാങ്ങി. മികച്ച കൊക്കനട്ട് പ്രോസസറായി ആന്ധ്രാപ്രദേശിലെ വെപ്പൂരി അഗ്രോ പ്രൊഡക്ട്സിന്റെ പ്രതിനിധി വികാസിനെയും, വനിതാ സംരംഭകർ നയിക്കുന്ന മികച്ച പ്രോസസിംഗ് യൂണിറ്റായി നടരാജൻ നെക്റ്റാർ കൊക്കനട്ട് പ്രൊഡക്ട്സിലെ ഷമീന എ.കെ.യെയും പുരസ്കാരം നൽകി ആദരിച്ചു.

 

നാളികേര ദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ ദേശീയ പുരസ്കാര ജേതാക്കളുടെ ഡോക്യുമെന്റേഷൻ പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു. നാളികേര വികസന ബോർഡ് ഫാം ഇൻഫർമേഷൻ ബ്യൂറോയുമായി ചേർന്ന് സംഘടിപ്പിക്കുന്ന 15 ആഴ്ച നീളുന്ന റേഡിയോ പരമ്പര ‘നന്മ നിറഞ്ഞ നാളികേരം’ ചടങ്ങിൽ ലോഞ്ച് ചെയ്തു. എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, എം.കെ. രാഘവൻ, നാളികേര വികസന ബോർഡ് ചെയർമാൻ സുബ നാഗരാജൻ, സി.ഇ.ഓ. ദീപ ഡി നായർ എ.എഫ്.എസ് ഹോർട്ടിക്കൾച്ചർ കമ്മീഷണർ ഡോ. പ്രഭാത് കുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, നാളികേര കർഷകർ, സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *