പുൽപ്പള്ളി :ശ്രേയസ് പദ്ധതിയിൽ നിന്ന് കോടികൾ തട്ടിയെടുത്തെന്ന ആരോപണത്തെ തുടർന്ന് പുൽപ്പള്ളി പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സണും കോൺഗ്രസ് നേതാവുമായ സിനി സാബു മെമ്പർ സ്ഥാനം രാജിവെക്കണമെന്നും പൊലീസ് ഇടപെട്ട് കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടികൾ സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ പുൽപ്പള്ളി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
കേണിച്ചിറ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ശ്രേയസ് യൂണിറ്റിന് കീഴിലുള്ള 125 സ്വാശ്രയ സംഘങ്ങളിലെ അംഗങ്ങളായ വീട്ടമ്മമാർ ലോൺ തിരിച്ചടയ്ക്കുന്നതിനായി നൽകിയ പണമാണ് സിനി തട്ടിയെടുത്തതെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം. രേഖകൾ പരിശോധിക്കുമ്പോൾ 1.75 കോടി രൂപയോളം തട്ടിയെടുത്തതായി വ്യക്തമാകുന്നുവെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.
കോൺഗ്രസ് നേതൃത്വം വിഷയത്തിൽ ഇടപെട്ട് സ്റ്റുഡന്റ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനവും മെമ്പർ സ്ഥാനവും രാജിവെപ്പിച്ച് നിയമനടപടികൾ സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്ഐ പുൽപ്പള്ളി ബ്ലോക്ക് കമ്മിറ്റി താക്കീത് നൽകി.
