കൽപ്പറ്റ: വയനാട് ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അസംബ്ലി യൂത്ത് കൗൺസിലുകൾ (AYC) സംഘടിപ്പിക്കുമെന്ന് യങ് ഡെമോക്രാറ്റ്സ് ജില്ലാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രാജ്യത്തെ വിദ്യാർത്ഥി–യുവജനങ്ങൾ രാഷ്ട്രീയമായ തിരിച്ചറിവ് നേടുകയും ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് പോരാട്ടരംഗത്ത് നിലയുറപ്പിക്കുകയും ചെയ്യുന്ന പുതിയ രാഷ്ട്രീയ സാഹചര്യത്തിലാണ് യങ് ഡെമോക്രാറ്റ്സിന്റെ അസംബ്ലി യൂത്ത് കൗൺസിലുകൾ സംഘടിപ്പിക്കുന്നത്.
അസംബ്ലി യൂത്ത് കൗൺസിലുകളിലാണ് യങ് ഡെമോക്രാറ്റ്സിന്റെ മണ്ഡലം കമ്മിറ്റിയായ DAC (Democrats Assembly Committee) പ്രഖ്യാപിക്കുക.
വയനാട് ജില്ലയിലെ ആദ്യത്തെ അസംബ്ലി യൂത്ത് കൗൺസിൽ സെപ്റ്റംബർ 12ന് മാനന്തവാടി മണ്ഡലത്തിൽ നടക്കും. തുടർന്ന് സെപ്റ്റംബർ 20ന് സുൽത്താൻ ബത്തേരി മണ്ഡലത്തിലും, സെപ്റ്റംബർ 27 ന് കൽപ്പറ്റ മണ്ഡലത്തിലും AYC സംഘടിപ്പിക്കും.
AYC-കൾക്ക് ശേഷം ബ്ലോക്ക്, ബൂത്ത് തലങ്ങളിലേക്കും സംഘടനാ പ്രവർത്തനം വ്യാപിപ്പിച്ച് കമ്മിറ്റികൾ രൂപീകരിക്കും.
അഴിമതി, സാമൂഹിക–സാമ്പത്തിക അസമത്വം, ഫാഷിസം, തൊഴിലില്ലായ്മ, ജാതി–മത വിവേചനം, വിദ്യാഭ്യാസത്തിന്റെ വർഗീയവൽക്കരണവും കോർപ്പറേറ്റ് വൽക്കരണവും, വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക്, പട്ടിണി, ബാലവേല, കോർപ്പറേറ്റ് പ്രീണനം, പരിസ്ഥിതിയെ തകർക്കുന്ന വികസന സങ്കൽപ്പങ്ങൾ തുടങ്ങിയ നിരവധി വെല്ലുവിളികളാണ് രാജ്യം നേരിടുന്നത്.
ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ ഏറ്റവും വലിയ വിഭവശേഷിയായ യുവജനതയെ സംഘടിതമാക്കുകയും കൃത്യമായ രാഷ്ട്രീയ അവബോധം നൽകുകയും ജനകീയ പ്രശ്നങ്ങളിൽ ശക്തമായി ഇടപെടുകയും ചെയ്യുക എന്ന ദൗത്യമാണ് യങ് ഡെമോക്രാറ്റ്സ് ഏറ്റെടുക്കുന്നത്.
ജനാധിപത്യം, മതേതരത്വം, സാമൂഹിക നീതി, മനുഷ്യാവകാശങ്ങൾ എന്നിവ ഉയർത്തിപ്പിടിച്ച് പുതിയ തലമുറയിലെ വിദ്യാർത്ഥി–യുവജനങ്ങളെ സാമൂഹികവും രാഷ്ട്രീയവുമായ ഇടപെടലുകളിലേക്ക് കൊണ്ടുവരികയാണ് സംഘടനയുടെ ലക്ഷ്യം.
വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും നടക്കുന്ന അസംബ്ലി യൂത്ത് കൗൺസിലുകളിലും തുടർന്നുള്ള യങ് ഡെമോക്രാറ്റ്സിന്റെ പ്രവർത്തനങ്ങളിലും വിദ്യാർത്ഥി–യുവജനങ്ങളുടെയും മാധ്യമങ്ങളുടെയും സജീവ പങ്കാളിത്തവും സഹകരണവും ഉണ്ടാവണമെന്നും അവർ അഭ്യർത്ഥിച്ചു.
വാർത്താ സമ്മേളനത്തിൽ ജില്ലാ കൺവീനർ കെ എസ് മുഹമ്മദ് സകരിയ്യ, ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റിയംഗം യാസിർ പി ടി തുടങ്ങിയവർ പങ്കെടുത്തു
