സൈബർ നിയമാവബോധം അനിവാര്യം: അഡ്വ. ജുനൈദ് കൈപ്പാണി

കണിയാമ്പറ്റ: ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വളർച്ചയ്‌ക്കൊപ്പം സൈബർ നിയമങ്ങളെക്കുറിച്ചും സാമൂഹികമാധ്യമ ധാർമികതകളെക്കുറിച്ചും സമൂഹം കൂടുതൽ ബോധവാന്മാരാകണമെന്ന് അഭിഭാഷകനും സ്കിൽ ഡെവലപ്‌മെന്റ് വിദഗ്ധനും ലീഡർഷിപ്പ് കൺസൾട്ടന്റുമായ അഡ്വ. ജുനൈദ് കൈപ്പാണി പറഞ്ഞു.

ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ (ഒമാക്–OMAK) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണിയാമ്പറ്റ റെയിൻ വ്യൂ റിസോർട്ടിൽ സംഘടിപ്പിച്ച ‘സൈബർ ലോ & എത്തിക്സ്’ ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ, സ്വകാര്യത, സാമൂഹികമാധ്യമങ്ങളുടെ ഉത്തരവാദിത്തപൂർവമായ ഉപയോഗം, നിയമപരമായ അവകാശങ്ങൾ എന്നിവയെക്കുറിച്ച് വ്യക്തമായ നിയമബോധം അനിവാര്യമാണ്. വാർത്തകൾ കൈകാര്യം ചെയ്യുമ്പോഴും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ വിവരങ്ങൾ പങ്കുവയ്ക്കുമ്പോഴും വസ്തുതയും ഉത്തരവാദിത്തവും ഉറപ്പാക്കാൻ മാധ്യമപ്രവർത്തകർ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

മറ്റുള്ളവരുടെ സ്വകാര്യതയും അവകാശങ്ങളും മാനിച്ച് സാങ്കേതികവിദ്യയെ ക്രിയാത്മകമായി ഉപയോഗിക്കുകയാണ് ഉത്തരവാദിത്തമുള്ള ഡിജിറ്റൽ മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാനമെന്നും അഡ്വ. ജുനൈദ് കൈപ്പാണി വ്യക്തമാക്കി.

 

കുടുംബസംഗമത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ ഒമാക് സംസ്ഥാന കമ്മിറ്റി അംഗവും വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ജാസർ പാലക്കൽ മുഖ്യപ്രഭാഷണം നടത്തി. ഒമാക് വയനാട് ജില്ലാ പ്രസിഡന്റ് സി.വി. ഷിബു, ജില്ലാ സെക്രട്ടറി അൻവർ സാദിഖ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *