Headlines

ഓട്ടോ–ടാക്സി നിരക്ക് വർധിപ്പിക്കണം: എസ്.ഡി.ടി.യു വയനാട്ടിൽ കളക്ടറേറ്റ് ധർണ നടത്തി

കൽപ്പറ്റ: ഇന്ധനവിലയും വാഹന അനുബന്ധ ചെലവുകളും വർധിച്ച സാഹചര്യത്തിൽ ഓട്ടോ–ടാക്സി നിരക്ക് കാലോചിതമായി വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.ടി.യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. ഓട്ടോറിക്ഷയുടെ മിനിമം ചാർജ് 50 രൂപയായി നിശ്ചയിക്കുക, കിലോമീറ്റർ നിരക്ക് വർധിപ്പിക്കുക, കാർ ടാക്സി മേഖലയെയും നിരക്ക് വർധനയുടെ പരിധിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സമരത്തിൽ ഉന്നയിച്ചത്.

 

ധർണ എസ്.ഡി.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി ടി. നാസർ ഉദ്ഘാടനം ചെയ്തു. ഇന്ധനവിലയും വാഹനങ്ങളുടെ അറ്റകുറ്റപ്പണി ഉൾപ്പെടെയുള്ള ചെലവുകളും വർധിച്ചിട്ടും തൊഴിലാളികളുടെ വരുമാനത്തിനനുസരിച്ചുള്ള നിരക്ക് പരിഷ്കരണം ഉണ്ടാകാത്തത് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഓട്ടോ–ടാക്സി തൊഴിലാളികളുടെ പ്രശ്നങ്ങൾ സർക്കാർ അടിയന്തരമായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർ ഇൻചാർജ് ആയ എ.ഡി.എമ്മിന് ഭാരവാഹികൾ നിവേദനം സമർപ്പിച്ചു.

 

എസ്.ഡി.ടി.യു വയനാട് ജില്ലാ പ്രസിഡന്റ് വി. കെ. മുഹമ്മദലി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ് ദാവൂദ്, ജനറൽ സെക്രട്ടറി കെ. മമ്മൂട്ടി, സെക്രട്ടറി ഇക്ബാൽ, ട്രഷറർ മുഹമ്മദലി സി.ടി., കമ്മിറ്റിയംഗങ്ങളായ ഷമീർ, അബ്ദുള്ള എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *