Headlines

കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ കാർഷിക-കന്നുകാലി വികസന ശിൽപശാലകൾ: വൈത്തിരി, തിരുനെല്ലി, പുൽപ്പള്ളി ഗ്രാമപഞ്ചായത്തുകളിൽ വിജയകരമായി സമാപിച്ചു

കല്പറ്റ :കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ പ്രാദേശിക കാലാവസ്ഥാ കർമ്മ പദ്ധതി തയ്യാറാക്കുന്നതിനായി വയനാട് ജില്ലയിലെ വൈത്തിരി, തിരുനെല്ലി, പുൽപ്പള്ളി എന്നീ ഗ്രാമപഞ്ചായത്തുകളിൽ കാർഷിക, കന്നുകാലി വികസന മേഖലകളെ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച ഫോക്കസ് ഗ്രൂപ്പ് ചർച്ചകളും ശിൽപശാലകളും വിജയകരമായി സമാപിച്ചു. വൈത്തിരി, പുൽപ്പള്ളി, തിരുനെല്ലി ഗ്രാമപഞ്ചായത്തുകളുടെയും ഹ്യൂം സെന്ററിന്റെയും സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്. സെപ്റ്റംബർ 15,16 തിയ്യതികളിലായി “നമുക്കൊരുമിച്ചിരിക്കാം – കാർഷിക, കന്നുകാലി വികസന ശിൽപശാല” എന്ന പ്രമേയത്തിൽ നടന്ന ചർച്ചയോടെ മൂന്ന് പഞ്ചായത്തുകളിലെയും പരിപാടികൾ പൂർണ്ണമായി. കാലാവസ്ഥാ വ്യതിയാനം കൃഷിയെയും കന്നുകാലി വളർത്തലിനെയും എങ്ങനെ ബാധിക്കുന്നു എന്ന് മനസ്സിലാക്കുക, കർഷകരുടെ അനുഭവങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക, പ്രാദേശികമായി സാധ്യമായ പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുക, പഞ്ചായത്ത് തലത്തിൽ പ്രാദേശിക കാലാവസ്ഥാ കർമ്മ പദ്ധതി തയ്യാറാക്കുന്നതിന് വിവരങ്ങൾ ശേഖരിക്കുക എന്നിവയായിരുന്നു ശിൽപശാലകളുടെ ലക്ഷ്യം. കർഷകർ, കർഷക ഉൽപ്പാദക സംഘടനകളുടെ പ്രതിനിധികൾ, കൃഷി ഭവൻ ഉദ്യോഗസ്ഥർ, പഞ്ചായത്ത് ജനപ്രതിനിധികൾ, കുടുംബശ്രീ പ്രതിനിധികൾ, സേവന സംഘടനകളുടെ പ്രതിനിധികൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള പങ്കാളികൾ ചർച്ചകളിൽ പങ്കെടുത്തു.

 

മൂന്ന് പഞ്ചായത്തുകളിലായി നടന്ന ചർച്ചകളിൽ കാലാവസ്ഥാ വ്യതിയാനം കൃഷിയിലും കന്നുകാലി വളർത്തലിലും ഉണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച് കർഷകർ വിശദമായി അനുഭവങ്ങൾ പങ്കുവെച്ചു. ചൂട് കൂടൽ, ക്രമരഹിതമായ മഴ, മൺസൂൺ വൈകൽ, കനത്ത മഴ, ദീർഘമായ വരൾച്ച, ശക്തമായ കാറ്റ്, ആലിപ്പഴ വർഷം തുടങ്ങിയ കാലാവസ്ഥാ മാറ്റങ്ങൾ കൃഷിയെയും കർഷകരുടെ ഉപജീവനത്തെയും ഗണ്യമായി ബാധിച്ചിട്ടുണ്ടെന്ന് പങ്കാളികൾ ചൂണ്ടിക്കാട്ടി. വിളവ് കുറയൽ, വിള നാശം, കീട-രോഗ ബാധകൾ വർദ്ധിക്കൽ, മണ്ണിന്റെ ഫലഭൂയിഷ്ഠത കുറയൽ, ജല സ്രോതസ്സുകൾ വറ്റൽ, ഭൂഗർഭജല ശോഷണം, വന്യജീവി സംഘർഷം വർദ്ധിക്കൽ തുടങ്ങിയ പ്രശ്നങ്ങൾ എല്ലാ പഞ്ചായത്തുകളിലും പൊതുവായി ഉയർന്നുവന്നു. കന്നുകാലി മേഖലയിൽ ചൂട് സമ്മർദ്ദം മൂലം പാലുൽപ്പാദനം കുറയൽ, പ്രത്യുത്പാദന ക്ഷമത കുറയൽ, പുതിയ രോഗങ്ങളുടെ വ്യാപനം, കാലിത്തീറ്റയുടെയും കുടിവെള്ളത്തിന്റെയും ലഭ്യത കുറയൽ, തീറ്റയുടെ വില വർദ്ധനവ്, കന്നുകാലി മരണനിരക്ക് വർദ്ധനവ് തുടങ്ങിയ പ്രശ്നങ്ങളും കർഷകർ വിശദീകരിച്ചു.

 

മൂന്ന് പഞ്ചായത്തുകളിലെയും ചർച്ചകളിൽ നിന്ന് രൂപപ്പെട്ട പൊതുവായ തീരുമാനങ്ങളിൽ, കാലാവസ്ഥാ പ്രതിരോധശേഷിയുള്ള കൃഷിക്കായി ജലസംരക്ഷണത്തിനും ജലസേചനത്തിനും ഉയർന്ന മുൻഗണന നൽകണമെന്നത് എല്ലാ പഞ്ചായത്തുകളിലും ഒരുപോലെ ഉയർന്നുവന്ന നിർദ്ദേശമായിരുന്നു.വരാനിരിക്കുന്ന വരൾച്ച നേരിടുന്നതെങ്ങനെ എന്ന ചർച്ചയുടെ തുടർച്ച കൂടിയായിരുന്നു ഇത്.

 

ചർച്ചകളിലൂടെ സ്വരൂപിച്ച പ്രശ്നങ്ങളും പരിഹാര നിർദ്ദേശങ്ങളും ഓരോ പഞ്ചായത്തിന്റെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു കർമ്മ പദ്ധതി രൂപപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സംഘാടകർ അറിയിച്ചു. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജൻ, പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശൻ, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ജു ബാലൻ എന്നിവർ യഥാക്രമം ഓരോ പഞ്ചായത്തിലെയും ശിൽപശാലകൾ ഉദ്ഘാടനം ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ കർഷകരുടെ പങ്കാളിത്തവും പരമ്പരാഗത അറിവും ശാസ്ത്രീയ സമീപനവും സമന്വയിപ്പിച്ചുകൊണ്ട്, സുസ്ഥിരവും കാലാവസ്ഥാ പ്രതിരോധശേഷിയുള്ളതുമായ ഒരു കാർഷിക ഭാവിക്ക് ഈ ശിൽപശാലകൾ വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് പഞ്ചായത്തുകൾ അടിവരയിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *