തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിപ്പ് നല്‍കി. അതേസമയം, കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ സംസ്ഥാനത്ത് ഒഴുക്കില്‍പ്പെട്ടും മണ്ണിടിഞ്ഞും ഒന്‍പതുപേര്‍ മരിച്ചു. നാലുപേരെ കാണാതായി. കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് അപകടമുണ്ടായത്.
തുടര്‍ച്ചയായ മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ജലാശയങ്ങളിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളിലും മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളിലും പ്രത്യേക ജാഗ്രത വേണമെന്ന് നിര്‍ദ്ദേശമുണ്ട്. മരങ്ങള്‍ക്കും വൈദ്യുതി ലൈനുകള്‍ക്കും സമീപം ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു. അതിനിടെ, കള്ളക്കടല്‍ പ്രതിഭാസത്തിന്റെ സാധ്യത കണക്കിലെടുത്ത് ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ രാത്രി 8.30 വരെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരദേശ മേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
