മുട്ടിൽ: കേരള സംസ്ഥാന എക്സൈസ് വകുപ്പ്,വയനാട് ജില്ലാ വിമുക്തി മിഷൻ,കോളേജ് വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ തണ്ടർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മുട്ടിൽ ഡബ്ല്യു.എം.ഒ ആർട്സ് & സയൻസ് കോളേജിനെ ‘ഡ്രഗ് ഫ്രീ ക്യാമ്പസ്’ ആയി പ്രഖ്യാപിച്ചു.പ്രശസ്ത ചലച്ചിത്രതാരവും ബോഡിബിൽഡറുമായ അബു സലിം ചടങ്ങിൽ കോളേജിനെ ഡ്രഗ് ഫ്രീ ക്യാമ്പസ് ആയി ഔദ്യോഗികമായി പ്രഖ്യാപിച്ചു.ഇതിന്റെ ഭാഗമായി കോളേജ് കവാടത്തിന് സമീപം സ്ഥാപിച്ച ലഹരിമുക്ത ക്യാമ്പസ് പ്രഖ്യാപന ബോർഡിന്റെ അനാച്ഛാദനം അദ്ദേഹം നിർവ്വഹിച്ചു.
ചടങ്ങിൽ അദ്ദേഹത്തെ ‘ഡ്രഗ് ഫ്രീ ക്യാമ്പസ് ബ്രാൻഡ് അംബാസഡർ’ ആയി തിരഞ്ഞെടുക്കുകയും ചെയ്തു.
വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി.കെ.സതീഷ് കുമാർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജ് പ്രിൻസിപ്പലും നോഡൽ ഓഫീസറുമായ ഡോ.സുബിൻ ജോസഫ് സ്വാഗതം ആശംസിച്ച ചടങ്ങിൽ,അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറും വിമുക്തി മാനേജരുമായ സജിത് ചന്ദ്രൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ലഹരിവിരുദ്ധ ഫോറം കോർഡിനേറ്റർ കെ.എ.അബ്ബാസ്,ഫാ.എൻ.ബി.ജിൻസ്,എൻ.ശിഖ, എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം,മുഹമ്മദ് ഫസലുദ്ദീൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ.സി.പി. ഹേമലത ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
ചടങ്ങിൽ വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ ഫ്ലാഷ് മോബും സംഘടിപ്പിച്ചു.
