കല്‍പറ്റ: സ്ത്രീകള്‍ക്ക് കെ.എസ്.ആർ.ടി.സിയില്‍ സൗജന്യ യാത്ര ഒരുക്കുന്ന സംസ്ഥാന സർക്കാറിന്റെ പ്രിയദർശിനി പദ്ധതി വയനാട്ടിലും വൻ ഹിറ്റ്.
പദ്ധതി നടപ്പിലായിട്ട് നൂറിലധികം ദിവസം പിന്നിട്ടു. വയനാട്ടില്‍ ആകെ 17.39 കോടിയില്‍ (17,39,72,379 രൂപ) അധികം രൂപയുടെ സൗജന്യ യാത്രയാണ് സ്ത്രീകള്‍ നടത്തിയത്. ആകെ 72,87,181ല്‍ അധികം സ്ത്രീകള്‍ ഇതിനോടകം പ്രിയദർശിനി സർവിസ് പ്രയോജനപ്പെടുത്തിയെന്നാണു കണക്ക്.
17,39,72,379 രൂപയുടെ രൂപയുടെ ടിക്കറ്റാണു സൗജന്യ യാത്രക്കാർക്കായി വിതരണം ചെയ്തത്. മാനന്തവാടി ഡിപ്പോയില്‍ 26,85,889ല്‍ അധികം സ്ത്രീ യാത്രക്കാർ പദ്ധതി യുടെ പ്രയോജനം നേടി. 6.4 കോടി രൂപയുടെ ടിക്കറ്റ് വിതരണം ചെയ്തു.
ബത്തേരി ഡിപ്പോയിലാകട്ടെ 26,01292ല്‍ അധികം പേർ സർവിസ് ഉപയോഗിച്ചു. ഇവിടെ 5.9 കോടി രൂപയുടെ ടിക്കറ്റ് വിതരണം ചെയ്തു. കല്‍പറ്റ ഡിപ്പോയില്‍ 20 ലക്ഷം പേർ സർവിസ് പ്രയോജനപ്പെടുത്തി. ഇവിടെ അഞ്ചുകോടി രൂപയുടെ ടിക്കറ്റാണു വിറ്റത്. യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വർധനയുണ്ടായി. ദിവസക്കൂലിക്കു ജോലി ചെയ്യുന്നവർ അടക്കമുള്ള സ്ത്രീകള്‍ക്ക് പദ്ധതി ഏറെ പ്രയോജനകരമാണ്. യാത്രക്കൂലി ഇനത്തില്‍ നല്ലൊരു തുക മിച്ചം പിടിക്കാൻ കഴിയുന്നുണ്ടെന്നു മിക്ക സ്ത്രീകളും പറയുന്നു.
പ്രിയദർശിനി പദ്ധതിയെകുറിച്ച് യാത്രക്കാർക്കും പൊതുവേ നല്ല അഭിപ്രായമാണുള്ളത്. മിച്ചം പിടിക്കുന്ന കാശ് ചിട്ടിക്കും മറ്റുമായി ഉപയോഗിക്കാൻ കഴിയും. ഇത് വിപണിയില്‍ കൂടുതലായി ചെലവഴിക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുന്നുമുണ്ട്. അതേസമയം ജില്ലയില്‍ ഉള്‍പ്രദേശങ്ങളില്‍ ഇപ്പോഴും കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകള്‍ ഇല്ല. ഇതിനാല്‍ ഈ പ്രദേശങ്ങളിലെ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നടത്താനാകുന്നില്ല. വേണ്ടത്ര യാത്രാസൗകര്യങ്ങള്‍ ഇല്ലാത്ത വിദൂരഗ്രാമങ്ങളിലേക്കു പ്രിയദർശിനി സർവീസ് നടത്താനുള്ള നടപടി കെ.എസ്.ആർ.ടി.സി ഒരുക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെട്ടു. പ്രിയദർശിനി യാത്ര സൗകര്യം തുടങ്ങിയതോടെ ബസുകളില്‍ പുരുഷയാത്രക്കാരുടെ എണ്ണവും കൂടിയിട്ടുണ്ട്.
