നവംബർ ഒന്നിന് വയനാട് സമ്പൂർണ്ണ ഇ-മാലിന്യമുക്ത ജില്ലയാകും

കൽപ്പറ്റ: കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് വയനാടിനെ സമ്പൂർണ്ണ ഇ-മാലിന്യമുക്ത ജില്ലയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. ആദ്യഘട്ടത്തിൽ 30 ടൺ ഇ-മാലിന്യം ശേഖരിച്ചു. ‘ഭൂമി’ (BHOOMI) സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നാംഘട്ടത്തിന്റെ പ്രഖ്യാപനം ഒക്ടോബർ രണ്ടിന് നടത്തും.

 

കൽപ്പറ്റയിൽ 15 ടൺ, മാനന്തവാടിയിൽ 5 ടൺ, സുൽത്താൻ ബത്തേരിയിൽ 10 ടൺ എന്നിങ്ങനെയാണ് ഇ-മാലിന്യം ശേഖരിച്ചത്. ജില്ലാഭരണകൂടത്തെയും സർക്കാർ ഓഫീസുകളെയും ഇ-മാലിന്യമുക്തമാക്കുകയാണ് ആദ്യഘട്ടത്തിലെ ലക്ഷ്യം. അടുത്ത ഘട്ടത്തിൽ വീടുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും നിന്ന് ഇ-മാലിന്യം ശേഖരിക്കും.

 

നിലവിൽ കിലോഗ്രാമിന് 10 രൂപ നിരക്കിലാണ് ഇ-മാലിന്യം ശേഖരിക്കുന്നത്. ഏകദേശം 50 വിഭാഗങ്ങളായി തരംതിരിച്ചാണ് ശേഖരണം. ഓരോ ഇനത്തിനും വ്യത്യസ്ത നിരക്കിൽ കിലോഗ്രാമിന് തുക നൽകും.

 

ഇ-മാലിന്യ ശേഖരണത്തിനായി ഹരിത കർമ സേനയുടെ സേവനം പ്രയോജനപ്പെടുത്തും. ശേഖരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വേതനം ക്ലീൻ കേരള കമ്പനി നൽകും. ശേഖരിക്കുന്ന ഇ-മാലിന്യത്തിന്റെ ശാസ്ത്രീയ സംസ്കരണത്തിനും ക്ലീൻ കേരള കമ്പനി നേതൃത്വം നൽകും. ഇവൈജിഡിഎസിനൊപ്പം വിശ്വശാന്തി ഫൗണ്ടേഷനും പദ്ധതിയിൽ പങ്കാളികളാണ്.

 

തദ്ദേശസ്വയംഭരണ വകുപ്പ്, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി എന്നിവയുടെ ഏകോപനത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വയനാടിന്റെ സുസ്ഥിര വികസനത്തിനായി സർക്കാർ–സ്വകാര്യ മേഖലയെ കൂട്ടിയിണക്കി CSR ഫണ്ടുകൾ പ്രയോജനപ്പെടുത്തി നടപ്പാക്കുന്ന ‘ഭൂമി’ പദ്ധതിയുടെ പ്രധാന ഇടപെടലുകളിലൊന്നാണ് ഇ-മാലിന്യമുക്ത വയനാട്.

 

ഇ-മാലിന്യമുക്ത പ്രവർത്തനങ്ങൾക്ക് പിന്നാലെ എല്ലാത്തരം മാലിന്യങ്ങളിൽ നിന്നും വയനാടിനെ മുക്തമാക്കി സമ്പൂർണ ഹരിത ജില്ലയായി മാറ്റുകയാണ് ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *