പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: ഒളിവിലായിരുന്ന പ്രതി പിടിയിൽ

കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ചു തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി വയനാട് സ്പെഷ്യൽ മൊബൈൽ സ്ക്വാഡിന്റെ (SMS) പിടിയിലായി. മലപ്പുറം വേങ്ങാട് മൂർഖനാട് മമ്മാറൻ വീട്ടിൽ എം. ജലീൽ (35) ആണ് ബുധനാഴ്ച പാലക്കാട് ഒലവക്കോട് വെച്ച് അറസ്റ്റിലായത്.

വൈത്തിരി പോലീസ് സ്റ്റേഷൻ പരിധിയിലെ കോളനിയിലെ (ഉന്നതി) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയി പടിഞ്ഞാറത്തറയിലെ റിസോർട്ടിലും തുടർന്ന് മൈസൂരിലെ ഹോട്ടലിലും വെച്ച് ഇയാൾ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പരാതി ഉയർന്നതിനെ തുടർന്ന് വൈത്തിരി പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം വയനാട് സ്പെഷ്യൽ മൊബൈൽ സ്ക്വാഡിന് കൈമാറുകയായിരുന്നു.

 

പോലീസ് കേസെടുത്ത വിവരമറിഞ്ഞ പ്രതി ആന്ധ്രാപ്രദേശ് വഴി ഒഡീഷയിലേക്ക് കടന്നുകളഞ്ഞു. പിന്നീട് ഒളിത്താവളങ്ങളിൽ നിന്ന് കൊച്ചിയിലെത്തിയ ഇയാൾ തിരികെ പോകുന്നതിനിടെയാണ് ഒലവക്കോട് വെച്ച് പ്രത്യേക അന്വേഷണ സംഘം തന്ത്രപരമായി വലയിലാക്കിയത്.

പ്രതി അന്തർസംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് പോലീസ് വ്യക്തമാക്കി. കേരളത്തിന് പുറമെ ഒഡീഷ, ആന്ധ്രാപ്രദേശ്, ബംഗളൂരു എന്നിവിടങ്ങളിൽ ഇയാൾക്ക് ലഹരി ഇടപാടുകളുണ്ട്. 85 കിലോഗ്രാം കഞ്ചാവുമായി കർണാടകയിൽ വെച്ച് പിടിയിലായ ഇയാൾക്കെതിരെയുള്ള കേസ് മൈസൂർ സെഷൻസ് കോടതിയിൽ വിചാരണയിലാണ്. ഇതുകൂടാതെ കേരളത്തിൽ മാത്രം അഞ്ചോളം ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്.

വയനാട് എസ്.എം.എസ്. ഡിവൈ.എസ്.പി ഷജു ജോസഫിന്റെ നേതൃത്വത്തിൽ എസ്.ഐ. ആന്റണി, എ.എസ്.ഐമാരായ ബിജു വർഗീസ്, ബിന്ദു, ബൈജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷാലു ഫ്രാൻസിസ്, ജിയോ തോമസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *