കല്പറ്റ: വയനാട് വാഴവറ്റയിലെ തറവാട്ടുവീട്ടില്‍ നിന്ന് അളവില്‍ കൂടുതല്‍ വിദേശമദ്യവും വ്യാജമദ്യവും കണ്ടെടുത്ത അബ്കാരി കേസില്‍, റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി എം.ഡി. ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് ലില്ലി ജോസ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കല്പറ്റ സെഷന്‍സ് കോടതിയുടേതാണ് നടപടി. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എക്സൈസ് നോട്ടീസ് നല്‍കുമെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ലില്ലി ജോസ് മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്.
അതേസമയം, കേസന്വേഷണത്തിനിടെ ലില്ലിയെ പ്രതി ചേര്‍ക്കുകയാണെങ്കില്‍, മുന്‍കൂട്ടി നോട്ടീസ് നല്‍കിയതിനു ശേഷമേ അറസ്റ്റ് നടപടികളിലേക്ക് കടക്കാവൂ എന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു. പ്രതിചേര്‍ക്കുന്ന പക്ഷം നിയമാനുസൃതമായ നടപടിക്രമങ്ങള്‍ പാലിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. എന്നാല്‍, കേസില്‍ നിലവില്‍ ലില്ലി ജോസിനെ പ്രതി ചേര്‍ത്തിട്ടില്ലെന്നാണ് എക്സൈസ് വിഭാഗം കോടതിയെ അറിയിച്ചിട്ടുള്ളത്. ഭാര്യാമാതാവിന്റെ പേരിലേക്ക് കേസിന്റെ ഉത്തരവാദിത്തം തിരിച്ചുവിടാനുള്ള ആന്റോ അഗസ്റ്റിന്റെ ശ്രമങ്ങള്‍ക്കിടെയാണ് എക്സൈസ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
വയനാട് വാഴവറ്റയിലുള്ള ആന്റോ അഗസ്റ്റിന്റെ തറവാട്ടുവീട്ടില്‍ എക്സൈസ് സംഘം നടത്തിയ മിന്നല്‍ പരിശോധനയിലാണ് വന്‍ മദ്യശേഖരം കണ്ടെടുത്തത്. വീടിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 43 ലീറ്റര്‍ വിദേശനിര്‍മിത മദ്യവും വ്യാജമദ്യവുമാണ് അന്വേഷണസംഘം പിടിച്ചെടുത്തത്. ഇന്ത്യന്‍ നിയമപ്രകാരം ഒരാള്‍ക്ക് വീട്ടില്‍ സൂക്ഷിക്കാവുന്ന മദ്യത്തിന്റെ പരമാവധി പരിധി മൂന്ന് ലീറ്ററാണ്. അനുവദനീയമായ അളവിന്റെ പലമടങ്ങ് മദ്യം സൂക്ഷിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് പിന്നീട് കോടതി ജാമ്യം അനുവദിക്കുകയാണുണ്ടായത്.
കേസില്‍ മുന്‍പ് സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ ഹാജരാക്കിയപ്പോള്‍, മദ്യം കണ്ടെടുത്ത വീടിന്റെ ഉടമസ്ഥാവകാശം തനിക്കല്ലെന്ന വാദമാണ് ആന്റോ അഗസ്റ്റിന് ഉയര്‍ത്തിയത്. ജപ്തിയിലായ വീടും വസ്തുവും സര്‍ഫാസി ആക്ട് പ്രകാരം ലേലത്തില്‍ പിടിച്ചത് ഭാര്യാമാതാവ് ലില്ലിയാണെന്നായിരുന്നു ആന്റോയുടെ മൊഴി. താന്‍ മദ്യം കഴിക്കാറില്ലെന്നും ജപ്തിയും കോടതി അറ്റാച്ച്മെന്റ് നടപടികളും നിലനില്‍ക്കുന്ന വസ്തുവായതിനാല്‍ തന്റെ പേരില്‍ കേസെടുക്കാനാകില്ലെന്നുമാണ് ആന്റോ അഗസ്റ്റിന് വാദിച്ചത്. വീടിന്റെ പൂര്‍ണ ഉത്തരവാദിത്തം ലില്ലി ജോസിനാണെന്ന് വരുത്തിതീര്‍ക്കാനായിരുന്നു പ്രതിഭാഗത്തിന്റെ നീക്കം.
എന്നാല്‍, ഈ വാദങ്ങളെല്ലാം എക്സൈസ് അന്വേഷണസംഘം കൃത്യമായ തെളിവുകളോടെ കോടതിയില്‍ പൊളിച്ചടുക്കി. മദ്യം കണ്ടെടുത്ത വീട് ആന്റോ അഗസ്റ്റിന്റേതു തന്നെയാണെന്ന് വ്യക്തമാക്കുന്ന വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍, കെ.എസ്.ഇ.ബി വൈദ്യുതി ബില്ലുകള്‍, വില്ലേജ് രേഖകള്‍ എന്നിവ അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരാക്കി. ഇതോടെ വീടിന്റെ ഉടമസ്ഥാവകാശവും കൈവശാവകാശവും ആന്റോ അഗസ്റ്റിനാണെന്ന് കോടതിക്ക് ബോധ്യപ്പെടുകയായിരുന്നു. വ്യാജമദ്യവും വിദേശനിര്‍മിത മദ്യവും അടക്കം ഇത്രയും വലിയ ശേഖരം തറവാട്ടുവീട്ടില്‍ എങ്ങനെ എത്തിയെന്നതിനെക്കുറിച്ച് എക്സൈസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ലില്ലി ജോസിനെ ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ മുന്‍കൂട്ടി നോട്ടീസ് നല്കി നിയമപരമായ നടപടികളിലേക്ക് കടക്കാനാണ് എക്സൈസിന്റെ തീരുമാനം. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും വിദേശമദ്യം എത്തിച്ചു നല്കിയ ശൃംഖലയെക്കുറിച്ചും എക്സൈസ് വിജിലന്‍സ് വിഭാഗവും സമാന്തരമായി പരിശോധിച്ചു വരികയാണ്.
