ബത്തേരി: ടിബി മുക്ത ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി ദേശീയതലത്തിൽ രൂപീകരിച്ച ജോഷ് (Joint Squad for Health) ക്യാമ്പയിനിൻ്റെ വയനാട് ജില്ലാതല ഉദ്ഘാടനം സുൽത്താൻ ബത്തേരിയിൽ വച്ച് സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ നിർവ്വഹിച്ചു. ജോഷ് ക്യാമ്പയിൻ പോസ്റ്ററിൻ്റെയും ടീമുകൾക്കുള്ള പ്രവർത്തന ബാഗിൻ്റെയും പ്രകാശനവും അദ്ദേഹം നിർവ്വഹിച്ചു.
പരിശീലനം പൂർത്തിയാക്കിയ എൻ.സി.സി, എൻ.എസ്.എസ് വളണ്ടിയർമാർക്കുള്ള സർട്ടിഫിക്കറ്റുകൾ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.എം. മൊയ്തീൻ ഷാ വിതരണം ചെയ്തു. ക്ഷയരോഗം ശാസ്ത്രീയമായി ചികിത്സിച്ച് പൂർണ്ണമായി ഭേദമായ ടിബി വിജയേതാക്കളെ ചടങ്ങിൽ ആദരിച്ചു. കൂടാതെ ക്ഷയരോഗ ബാധിതരുടെ കുടുംബങ്ങൾക്കുള്ള പോഷകാഹാര കിറ്റിൻ്റെ വിതരണോദ്ഘാടനവും നടന്നു. അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.സി. കൃഷ്ണകുമാർ ക്ഷയരോഗ നിവാരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജില്ലാ ടിബി ഓഫീസർ ഡോ. പ്രിയ സേനൻ, എൻ.പി.എൻ.സി.ഡി നോഡൽ ഓഫീസർ ഡോ. പി.എസ്. സുഷമ, അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ, മീനങ്ങാടി സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ ഷാഹിദ്, പൂതാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ അപർണ്ണ, ജില്ലാ എജ്യുക്കേഷൻ ആൻ്റ് മീഡിയ ഓഫീസർ കെ.എം. മുസ്തഫ, മൈ ഭാരത് ജില്ലാ യൂത്ത് ഓഫീസർ ആൻ സ്റ്റെഫി ഫിലിപ്പ്, ജില്ലാ വെക്ടർ ബോൺ ഡിസീസ് കണ്ട്രോൾ ഓഫീസർ വി.പി. കൃഷ്ണകുമാർ, ടെക്നിക്കൽ അസിസ്റ്റൻ്റ് കെ.സി. ബിജു, ജില്ലാ ടിബി കോഡിനേറ്റർ വി.ജെ. ജോൺസൺ, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റൻ്റ് സലീം ബാബു, പൂതാടി ഹെൽത്ത് ഇൻസ്പെക്ടർ സജീവ് എന്നിവർ സംസാരിച്ചു. ബ്ലോക്ക്, നഗര, ഗ്രാമസഭാ അദ്ധ്യക്ഷരും ജനപ്രതിനിധികളും എൻ.സി .സി , എൻ.എസ്.എസ് വളണ്ടിയർമാരും, സാമൂഹ്യ-സന്നദ്ധപ്രവർത്തകരും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു
ജനപ്രതിനിധികളുടെയും യുവജനങ്ങളുടെയും ഊർജ്ജം സംയോജിപ്പിച്ചുകൊണ്ട് താഴെത്തട്ടിൽ ക്ഷയരോഗ നിവാരണത്തിനുള്ള ആരോഗ്യ അവബോധം ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതിയാണ് ജോഷ്. ഉദ്യോഗസ്ഥർ, മൈ ഭാരത് വോളണ്ടിയർമാർ, എൻ.സി.സി കേഡറ്റുകൾ എന്നിവരെ ഏകോപിപ്പിച്ചാണ് ഈ കർമ്മസേന പ്രവർത്തിക്കുന്നത്. ക്ഷയരോഗത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക, നേരത്തെയുള്ള രോഗനിർണ്ണയം പ്രോത്സാഹിപ്പിക്കുക, ചികിത്സ പൂർത്തിയാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, രോഗവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളും സാമൂഹികമായ ഒറ്റപ്പെടുത്തലും ഇല്ലാതാക്കുക എന്നിവയാണ് ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
ക്ഷയരോഗത്തിനെതിരെയുള്ള പോരാട്ടം കേവലം ഒരു ആരോഗ്യപ്രശ്നം മാത്രമല്ല, അതൊരു കൂട്ടായ സാമൂഹിക ഉത്തരവാദിത്തം കൂടിയാണ്. അവബോധത്തിലൂടെ ജീവൻ രക്ഷിക്കാനും, കൃത്യസമയത്തുള്ള ചികിത്സയിലൂടെ രോഗികൾക്ക് അതിജീവനം സാധ്യമാക്കാനും, സാമൂഹിക മാനസിക പിന്തുണയിലൂടെ അവരുടെ ആത്മാഭിമാനം സംരക്ഷിക്കാനും സാധിക്കും. യുവത്വത്തിന്റെ ഊർജ്ജത്തെ ഒരുമിപ്പിച്ച് ക്ഷയരോഗ മുക്ത ഭാരതം യാഥാർത്ഥ്യമാക്കുകയാണ് ജോഷ് ക്യാമ്പയിന്റെ മുഖ്യ ലക്ഷ്യം.
