മണ്ണിനെയും കൃഷിയെയും സ്നേഹിച്ച പച്ചപ്പിന്റെ കാവലാൾ- കൃഷി മന്ത്രി ടി.സിദ്ദീഖ്

മണ്ണിനെയും കൃഷിയെയും സ്നേഹിച്ച പച്ചപ്പിന്റെ കാവലാൾ- കൃഷി മന്ത്രി ടി.സിദ്ദീഖ്

മണ്ണിനെയും കൃഷിയെയും പ്രാണനോളം സ്നേഹിച്ച പച്ചപ്പിന്റെ കാവലാളിനെയാണ് ചെറുവയൽ രാമൻ്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് കൃഷിവകുപ്പ് മന്ത്രി ടി.സിദ്ദീഖ് അനുസ്മരിച്ചു. കർഷകരുടെയും കൃഷിയുടെയും അഭിമാനമായിരുന്നു ചെറുവയൽ രാമൻ. അദ്ദേഹത്തിന് കൃഷി കേവലം ഒരു ഉപജീവനമാർഗമായിരുന്നില്ല. പ്രകൃതിയോടും മണ്ണിനോടും വരും തലമുറയോടുമുള്ള കടപ്പാടിന്റെ മഹത്തായ രൂപമായിരുന്നു. മറ്റുള്ളവർ വിത്തിൽ ഒരു വിളവിന്റെ സാധ്യത കണ്ടപ്പോൾ, തലമുറകളുടെ പൈതൃകവും മനുഷ്യരാശിയുടെ ഭാവിയും കണ്ട വലിയ കർഷകനായിരുന്നു ചെറുവയൽ രാമൻ. ഓരോ വിത്തിലും അദ്ദേഹം കാത്തുവെച്ചത് വരും തലമുറയ്ക്കുള്ള പ്രതീക്ഷകളായിരുന്നു. മണ്ണിനെയും പ്രകൃതിയെയും കുറിച്ച് അനുഭവസമ്പത്തിന്റെ വെളിച്ചത്തിൽ സംസാരിക്കാൻ കഴിയുന്ന വിജ്ഞാനകോശമായിരുന്നു. ദീർഘകാലത്തെ വ്യക്തിബന്ധമാണ് ചെറുവയൽ രാമനുമായി ഉള്ളത്. കൃഷിമന്ത്രിയായി ചുമതലയേറ്റ ശേഷം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നാമധേയത്തിൽ പുരസ്കാരം നൽകാൻ തീരുമാനിച്ചപ്പോൾ പ്രഥമ പുരസ്കാരം അദ്ദേഹത്തിന് നൽകിയത് ആ ജീവിതത്തിനുള്ള ആദരവാണ്. വലിയ കാര്യങ്ങൾ ചെയ്യാൻ വലിയ പദവികൾ ആവശ്യമില്ലെന്നും മണ്ണിൽ ഉറച്ചുനിന്ന സ്വന്തം പൈതൃകത്തെ നെഞ്ചോട് ചേർത്ത് വരും തലമുറയ്ക്ക് വേണ്ടി ജീവിച്ചാൽ കാലത്തെ അതിജീവിക്കാനാകുമെന്നും പഠിപ്പിച്ച മനുഷ്യനാണ് ചെറുവയൽ രാമൻ. അദ്ദേഹം കാത്തുസൂക്ഷിച്ച വിത്തുകളും സ്വരൂപിച്ച അറിവുകളും പുതുതലമുറയിലേക്ക് പകർന്നു നൽകാൻ കൃഷിവകുപ്പും സർക്കാരും എല്ലാ നടപടികളും സ്വീകരിക്കും. കാത്തുവെച്ച വിത്തുകൾ വരുംതലമുറയ്ക്കായി മണ്ണിൽ ബാക്കിയാക്കി ചെറുവയൽ രാമൻ മടങ്ങുമ്പോൾ ഓർമ്മകൾ മണ്ണടിയില്ലെന്നും കൃഷിമന്ത്രി ടി.സിദ്ദീഖ് അനുസ്മരിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *