തിരുവനന്തപുരം: വയനാടിന്റെ മണ്ണിൽ തലമുറകളുടെ ഓർമ്മകൾക്ക് കാവൽ നിന്ന കർഷകനായിരുന്നു ചെറുവയൽ രാമൻ എന്ന് മുഖ്യമന്ത്രി വിഡി സതീശൻ അന്യംനിന്നു പോയേക്കാമായിരുന്ന പാരമ്പര്യ നെൽ വിത്തിനങ്ങളെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കി, വരും തലമുറയ്ക്കു കരുതിവച്ച ചെറുവയൽ രാമൻ യാഥാർത്ഥത്തിൽ കാർഷിക പൈതൃകത്തിന്റെ കാവൽക്കാരനായിരുന്നു.
കൃഷി വെറുമൊരു ഉപജീവനമാർഗമല്ലെന്നും മണ്ണിനോടും പ്രകൃതിയോടുമുള്ള ഉത്തരവാദിത്തമാണെന്നും സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം ലോകത്തോട് പറഞ്ഞു. മണ്ണിന്റെ മണവും വിത്തുകളുടെ കരുതലും കൃഷിയുടെ നന്മയും പുതിയ തലമുറയ്ക്ക് പകർന്നു നൽകിയ ആ ജീവിതം എക്കാലവും ഓർമിക്കപ്പെടും.
യു.ഡി.എഫ് സർക്കാർ അധികാരമേറ്റെടുത്ത ശേഷം ചിങ്ങം ഒന്നിന് പ്രഖ്യാപിച്ച പ്രഥമ ഉമ്മൻചാണ്ടി സ്മാരക കാർഷിക പുരസ്‌കാരം അദ്ദേഹത്തിന് സമ്മാനിക്കാൻ കഴിഞ്ഞത് വലിയ സന്തോഷവും അഭിമാനവുമായിരുന്നു.
ചെറുവയൽ രാമന്റെ വിയോഗം കേരളത്തിന്റെ കാർഷിക മേഖലയ്ക്കും പൈതൃക സംരക്ഷണത്തിനും തീരാനഷ്ടമാണ്. അദ്ദേഹം കാത്തു സൂക്ഷിച്ച ഓരോ വിത്തിലും വരും തലമുറയ്ക്കുള്ള പ്രതീക്ഷയുണ്ട്. ആ പ്രതീക്ഷ മണ്ണിൽ നിലനിർത്തുക എന്നതാണ് അദ്ദേഹത്തോടുള്ള ഏറ്റവും വലിയ ആദരവെന്നും മുഖ്യമന്ത്രി കുറിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് പത്മശ്രീ പുരസ്കാര ജേതാവും കർഷകനും പരിസ്ഥിതി പ്രവർത്തകനുമായ ചെറുവയൽ രാമൻ അന്തരിച്ചത്. 2023ലാണ് പത്മശ്രീ പുരസ്കാരം നൽകി രാജ്യം ആദരിച്ചത്. കേരളത്തിലെ പരമ്പരാഗത നാടൻ നെൽവിത്തുകളുടെ സംരക്ഷകനും ആദിവാസി കർഷകനുമാണ് മാനന്തവാടി കമ്മന സ്വദേശിയായ ചെറുവയൽ രാമൻ.
