കൽപ്പറ്റ: കൽപ്പറ്റ എൻ.എം.എസ്.എം ഗവൺമെന്റ് കോളേജ് യൂണിയൻ ഭരണം ഒരു വർഷത്തിനുശേഷം എസ്.എഫ്.ഐയിൽനിന്ന് തിരിച്ചുപിടിച്ച് കെ.എസ്.യു–എം.എസ്.എഫ് സഖ്യമായ യു.ഡി.എസ്.എഫ്. ആകെയുള്ള ഒമ്പത് പ്രധാന സീറ്റുകളിൽ ചെയർമാൻ ഉൾപ്പെടെ ആറ് സീറ്റുകളിൽ വിജയിച്ചാണ് യു.ഡി.എസ്.എഫ് യൂണിയൻ ഭരണം സ്വന്തമാക്കിയത്.
രണ്ടാം വർഷ എം.എ. ഹിസ്റ്ററി വിദ്യാർഥിയായ മുനവർ യു.ഡി.എസ്.എഫ് സ്ഥാനാർഥിയായി ചെയർമാൻ സ്ഥാനത്തേക്ക് വിജയിച്ചു. വൈസ് ചെയർമാൻ, ജനറൽ സെക്രട്ടറി, ജനറൽ ക്യാപ്റ്റൻ, യു.യു.സി., ഫൈൻ ആർട്സ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിലും യു.ഡി.എസ്.എഫ് സ്ഥാനാർഥികൾ വിജയിച്ചു.
ശക്തമായ മത്സരം കാഴ്ചവെച്ച എസ്.എഫ്.ഐക്ക് മൂന്ന് സീറ്റുകളാണ് ലഭിച്ചത്. ജോയിന്റ് സെക്രട്ടറി, മാഗസിൻ എഡിറ്റർ, ഒരു യു.യു.സി. എന്നീ സീറ്റുകളിൽ എസ്.എഫ്.ഐ സ്ഥാനാർഥികൾ വിജയിച്ചു.
കഴിഞ്ഞ തവണ നഷ്ടമായ കോളേജ് യൂണിയൻ ഭരണം തിരിച്ചുപിടിക്കാനായത് കെ.എസ്.യു., എം.എസ്.എഫ്. നേതാക്കൾക്കും പ്രവർത്തകർക്കും ആവേശമായി.
