ബത്തേരി: നൂറിലധികം മോഷണക്കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. മലപ്പുറം കാലടി കൊട്ടാരപ്പാട്ട് സജീഷ് (44) നെയാണ് വയനാട് പോലീസ് പിടികൂടിയത്. ബത്തേരി ഡിവൈഎസ്പി എം.എം അബ്ദുൾ കരീമും സംഘവുമാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ഓഗസ്റ്റ് 17ന് ജയിലിൽനിന്ന് പുറത്തിറങ്ങിയ സജീഷ്, ചുരുങ്ങിയ സമയത്തിനുള്ളിൽ ചേവായൂർ, എലത്തൂർ, അത്തോളി, ചങ്ങരംകുളം, പെരിന്തൽമണ്ണ, അങ്ങാടിപ്പുറം തുടങ്ങിയ വിവിധ സ്റ്റേഷൻ പരിധികളിലായി പതിനഞ്ചോളം മോഷണങ്ങളാണ് നടത്തിയത്. കഴിഞ്ഞ ദിവസം കോഴിക്കോട് സിറ്റിയിൽ നിന്ന് ഒരു ബൈക്ക് മോഷ്ടിച്ച ഇയാൾ, അത് ഉപയോഗിച്ച് കുണ്ടായിത്തോട്ടിലെ അമ്പലത്തിൽ കയറി ഭണ്ഡാരത്തിൽ നിന്ന് സ്വർണ്ണവും പണവും കവരുകയും, തുടർന്ന് ബൈക്ക് റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച് ബസ്സിൽ കയറി വയനാട് വഴി കർണാടകയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു.
കോഴിക്കോട്, മലപ്പുറം പോലീസിന്റെ അന്വേഷണ പട്ടികയിലുണ്ടായിരുന്ന ഇയാളെ, കൽപറ്റയിൽ വെച്ച് ബസ്സിൽ സഞ്ചരിക്കവേ പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ നൗഫലിന് സംശയം തോന്നിയതിനെ തുടർന്ന് ബത്തേരി ഡിവൈഎസ്പിയെ വിവരമറിയിക്കുകയും തുടർന്ന് പോലീസ് സംഘം ഇയാളെ ബത്തേരിയിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായി ചോദ്യം ചെയ്തതോടെയാണ് മോഷണ വിവരങ്ങൾ പുറത്തുവന്നത്.
പ്രതിയിൽ നിന്ന് കണ്ടെടുത്ത സ്വർണ്ണവും പണവും കോഴിക്കോട് പോലീസിന് കൈമാറി. എഎസ്ഐ സാദിഖ്, സിപിഒ മാരായ വിജയൻ, രാജേഷ്, അജേഷ്, ഡ്രൈവർ എഎസ്ഐ സന്തോഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
