വയനാട് ചുരത്തിലെ ഗതാഗതക്കുരുക്കിനും റോഡിന്റെ ശോചനീയാവസ്ഥയ്ക്കുമെതിരെ ഒക്ടോബർ 28ന് ഉപവാസ സമരം

കൽപ്പറ്റ: വയനാട് ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനും ചുരം റോഡിന്റെ ശോചനീയാവസ്ഥയ്ക്കും പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 28 ബുധനാഴ്ച ഉപവാസ സമരം നടത്തും. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ചുരം പ്രവേശന കവാടത്തിലാണ് സമരം. രാവിലെ 10ന് ലക്കിടി യു.പി. സ്കൂൾ പരിസരത്തുനിന്ന് പ്രതിഷേധ ജാഥയായി സമരവേദിയിലേക്ക് എത്തും. തുടർന്ന് വൈകിട്ട് വരെ ഉപവാസ സമരം നടത്തും.

 

വയനാട് ജില്ലയുടെ ദൈനംദിന ജീവിതത്തെയും വികസനത്തെയും ടൂറിസം മേഖലയെയും സാരമായി ബാധിക്കുന്നതാണ് ചുരത്തിലെ നിലവിലെ ഗതാഗതക്കുരുക്കെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ആരോപിച്ചു. വിനോദസഞ്ചാരികളുടെ വരവും ചരക്കുനീക്കവും വർധിച്ചിട്ടും ചുരം റോഡിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ല. ഗതാഗതക്കുരുക്ക് ടൂറിസം, വ്യാപാര മേഖലകളിലും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

 

ചുരത്തിലെ മുഴുവൻ ഹെയർപിൻ വളവുകളും വീതികൂട്ടുക, റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന കല്ലും മണ്ണും മരങ്ങളും നീക്കം ചെയ്യുക, തകർന്ന ടാറിംഗും ഇളകിയ ഇന്റർലോക്ക് കട്ടകളും നന്നാക്കുക, റോഡിലെ കുഴികൾ അടിയന്തരമായി നികത്തുക.ഇത്തരം കാര്യങ്ങളിൽ അധികൃതർ പുലർത്തുന്ന നിസംഗത അവസാനിപ്പിക്കണമെന്നുംആവശ്യപ്പെട്ടു.

 

കൽപ്പറ്റ നിയോജകമണ്ഡലത്തിലെ യൂണിറ്റ് ഭാരവാഹികളും പ്രവർത്തകരും രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും, സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിലുള്ളവർ ഉച്ചയ്ക്ക് ഒരു മുതൽ മൂന്ന് വരെയും, മാനന്തവാടി നിയോജകമണ്ഡലത്തിലുള്ളവർ വൈകിട്ട് മൂന്ന് മുതൽ അഞ്ച് വരെയും സമരവേദിയിലെത്തി അഭിവാദ്യം അർപ്പിക്കും. ഏകോപന സമിതി ജില്ലാ കമ്മിറ്റി, യൂത്ത് വിംഗ്, വനിതാ വിംഗ് ജില്ലാ ഭാരവാഹികൾ സമരത്തിൽ തുടക്കം മുതൽ സമാപനം വരെ ഉപവാസ സമരത്തിന് നേതൃത്വം നൽകും.

 

ചിപ്പിലിത്തോട്–തളിപ്പുഴ ചുരം ബൈപ്പാസ് റോഡ് യാഥാർഥ്യമാക്കുക, തുരങ്കപാതയുടെ നിർമാണം ഉടൻ പുനരാരംഭിക്കുക, പൂഴിത്തോട്–പടിഞ്ഞാറത്തറ റോഡ് യാഥാർഥ്യമാക്കുക,

പക്രന്തളം, ബോയ് ടൗൺ, പേരിയ ചുരങ്ങൾ വീതി കൂട്ടി നവീകരിക്കുക എന്നീ ആവശ്യങ്ങളും സമരത്തിന്റെ ഭാഗമായി ഉന്നയിക്കും.

ജില്ലാ പ്രസിഡന്റ് ജോജിൻ. ടി. ജോയി, ജനറൽ സെക്രട്ടറി കെ ഉസ്മാൻ, ട്രഷറർ നൗഷാദ് കരിമ്പനക്കൽ, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ഷൈജൽ കുന്നത്ത് പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *