ടൗൺഷിപ്പ്: രണ്ടാംഘട്ട വീടുകളുടെ നറുക്കെടുപ്പ് 31 ന്

കൽപ്പറ്റ: ടൗൺഷിപ്പിൽ നിർമ്മിക്കുന്ന രണ്ടാംഘട്ട വീടുകളുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് ഒക്ടോബര്‍‍ 31 ന് നറുക്കെടുപ്പ് നടക്കും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തിലാണ് 149 ഗുണഭോക്താക്കൾക്കായുള്ള നറുക്കെടുപ്പ് നടക്കുക. നവംബറില്‍ ഗുണഭോക്താക്കൾക്ക് വീടുകൾ കൈമാറും വിധത്തിൽ ടൗൺഷിപ്പിലെ പ്രവൃത്തികൾ പൂർത്തിയാക്കാനും വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഡി.ഡി.എം.എ കോ- ചെയർപേഴ്സൺ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വീടുകളുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ് (അഡ്രസ് മാറ്റം), വൈദ്യുതി, കുടിവെള്ള കണക്ഷനുകൾ വീട് കൈമാറുമ്പോൾ തന്നെ നൽകാനുള്ള നടപടികള്‍ ദ്രുത ഗതിയില്‍ പുരോഗമിക്കുകയാണന്ന് ജില്ലാ കളക്ടർ വി. ചെൽസാസിനി യോഗത്തിൽ അറിയിച്ചു. സോൺ ഒന്നിൽ 23 വീടുകളും സോണ്‍ മൂന്നിൽ ആറ് വീടുകളും സോൺ നാലിൽ 14 വീടുകളും സോൺ അഞ്ചിൽ 106 വീടുകളുമാണ് രണ്ടാം ഘട്ടത്തിൽ കൈമാറുന്നത്.വീടുകളുടെ രണ്ടാംഘട്ട വിതരണ നടപടികൾ പൂർത്തിയാകുന്നതോടെ ടൗൺഷിപ്പിലെ ആകെ വീടുകളുടെ എണ്ണം 327 ആകും.

 

ടൗൺഷിപ്പിലും കൽപ്പറ്റ നഗരസഭ പരിധിയിലും മഴവെള്ളക്കെട്ട് ഒഴിവാക്കാൻ സി.ഡബ്ല്യു.ആർ.ഡി.എമിന്റെ നേതൃത്വത്തിൽ സമഗ്ര പഠനം നടത്തും. റോഡ്-ഡ്രെയിനേജ് പ്രശ്നങ്ങൾ പരിഹരിക്കാൻ മുനിസിപ്പല്‍ സെക്രട്ടറിയും ഡി ഡി എം എ വിദഗ്ദ്ധരും അടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിക്കും. കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ തുടർന്ന് സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി മാറ്റി പാർപ്പിച്ച 26 കുടുംബങ്ങൾക്ക് അവരുടെ വീടുകളിലേക്ക് എത്രയും പെട്ടെന്ന് മടങ്ങി എത്തുന്നതിന് സാഹചര്യം ഒരുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് യോഗത്തിൽ അറിയിച്ചു. കള്ളാടി മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ 2.10 ലക്ഷം ക്യൂബിക് മീറ്റർ മണ്ണ് നീക്കം ചെയ്യുന്നതിന് വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. മണ്ണ് നീക്കം ചെയ്യുന്നതിന് ആവശ്യമായ ഭൂമി കണ്ടെത്താൻ ഒക്ടോബർ 31 നകം ആക്ഷൻ പ്ലാൻ സമർപ്പിക്കാൻ യോഗത്തിൽ നിർദ്ദേശം നൽകി. ഒക്ടോബർ 31 നകം റിപ്പോർട്ട് ലഭിച്ചില്ലെങ്കിൽ ജില്ലാ ഭരണകൂടം അനുയോജ്യമായ സ്ഥലം കണ്ടെത്തി പി.ഡബ്ല്യൂ.ഡി മുഖേന മണ്ണ് നീക്കം ചെയ്യുമെന്ന് ജില്ലാ കളക്ടർ യോഗത്തിൽ അറിയിച്ചു.

 

കളക്ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എ ഡി എം കെ അജീഷ്, ടൗൺഷിപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഇ.റ്റി രാകേഷ്, എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ കെ മാനോജ് കുമാര്‍, മോപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റംല ഹംസ, ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *