എയിം അക്കാദമിയുടെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു

ബത്തേരി: കേരളത്തിലെ മാർഷൽ ആർട്സ് രംഗത്ത് സുതാര്യതയും പ്രൊഫഷണലിസവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കായിക താരങ്ങളും പരിശീലകരും ചേർന്ന് രൂപീകരിച്ച അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാർഷൽ ആർട്സിന്റെ (എയിം അക്കാദമി) ഔദ്യോഗിക ലോഗോ പ്രകാശനം കേരള കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് നിർവഹിച്ചു. സുൽത്താൻ ബത്തേരിയിൽ വെച്ച് നടന്ന ചടങ്ങിൽ അക്കാദമിയുടെ ലോഗോ പതിച്ച ഔദ്യോഗിക ബാനറിൽ ഒപ്പുവെച്ചാണ് മന്ത്രി പ്രകാശനം നിർവഹിച്ചത്.

 

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ (എൻ ഐ എസ് ) നിന്നും ഡിപ്ലോമ കരസ്ഥമാക്കിയ പ്രമുഖ പരിശീലകൻ നൈസാം മുഹമ്മദ് യൂസഫിൻ്റെ നേതൃത്വത്തിൽ ഒരു കൂട്ടം കായികതാരങ്ങളും പരിശീലകരും ചേർന്ന് ആരംഭിച്ച നൂതന കായിക പരിശീലന കേന്ദ്രമാണ് എയിം അക്കാദമി. കായിക രംഗത്തെ ചൂഷണങ്ങളും അഴിമതിയും സുതാര്യതയില്ലായ്മയും അവസാനിപ്പിച്ച്, ഏറ്റവും ചുരുങ്ങിയ ഫീസിൽ സാധാരണക്കാരായ കുട്ടികൾക്ക് ശാസ്ത്രീയമായ പരിശീലനം നൽകുക എന്നതാണ് ഈ ജനകീയ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. അക്കാദമിക്ക് കീഴിൽ പരിശീലിക്കുന്ന ഓരോ കായികതാരത്തിൻ്റെയും യഥാർത്ഥ കഴിവിനെ മാത്രം അടിസ്ഥാനമാക്കി സുതാര്യമായ ഗ്രേഡിങ് ഉറപ്പാക്കുകയും, അവർക്ക് ആധുനികവും ശാസ്ത്രീയവുമായ പരിശീലനം നൽകി ലഹരിയിൽ നിന്നും മറ്റു സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്നും യുവജനതയെ പിന്തിരിപ്പിച്ച് അവരെ രാജ്യത്തിൻ്റെ കായികരംഗത്തിന് മുതൽക്കൂട്ടാക്കുക എന്ന ലക്ഷ്യം വെച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.

 

ലോഗോ പ്രകാശനത്തോടനുബന്ധിച്ച് നടന്ന കൂടിക്കാഴ്ചയിൽ കായിക രംഗത്തെ നിലവിലെ പ്രതിസന്ധികൾ ഭാരവാഹികൾ മന്ത്രിയുമായി വിശദമായി ചർച്ച ചെയ്തു. കായിക രംഗത്തെ മെല്ലെപ്പോക്കിനും കായിക താരങ്ങളും പരിശീലകരും നേരിടുന്ന വെല്ലുവിളികൾക്കും പരിഹാരം കണ്ടെത്തുമെന്നും, നിലവിലുള്ള സിസ്റ്റത്തിന്റെ പരിമിതികൾ മറികടക്കാൻ ആവശ്യമെങ്കിൽ പുതിയ നിയമനിർമ്മാണങ്ങൾക്കും ഘടനാപരമായ മാറ്റങ്ങൾക്കും സർക്കാർ തയ്യാറാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കായിക രംഗത്തിന്റെ സമഗ്ര വികസനത്തിന് എയിം അക്കാദമി പോലുള്ള സുതാര്യമായ സംരംഭങ്ങൾക്ക് സർക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

 

ചടങ്ങിൽ സ്കൂൾ കായികമേളയിൽ മിന്നുന്ന വിജയം കരസ്ഥമാക്കിയ എയിം അക്കാദമി വിദ്യാർത്ഥികളായ മുഹമ്മദ് മിഷാൽ (ഗോൾഡ് മെഡൽ, തിരുവള്ളൂർ – കോഴിക്കോട്), നിഹാൽ (വെങ്കല മെഡൽ, മേപ്പാടി – വയനാട്) തുടങ്ങിയവരെ മന്ത്രി പ്രത്യേകമായി അഭിനന്ദിച്ചു.

 

സുൽത്താൻ ബത്തേരിയിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ്, എയിം അക്കാദമി പ്രസിഡന്റും മുൻ കേരള വുഷു ടീം കോച്ചുമായ ഷമീർ പി, സെക്രട്ടറിയും മനുഷ്യാവകാശ പ്രവർത്തകനുമായ യാസിൻ ഒമർ എൻ, ട്രഷറർ മുഹമ്മദ് റാഫി, വൈസ് പ്രസിഡന്റ് വിഷ്ണു വിനായക് ടി കെ , എക്സിക്യൂട്ടീവ് അംഗം നിവിഷ് കെ.പി., കായിക താരമായ ദീപു ടി.പി., വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് ഉനൈസ് തിരുവള്ളൂർ, ഷഫീക്ക് കൊടുവള്ളി, നിസാർ വാവാട് തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *