മാനന്തവാടി: അരനൂറ്റാണ്ടിലേറെയായി മത, സാമൂഹിക, വൈജ്ഞാനിക രംഗങ്ങളിൽ നിറസാന്നിധ്യമായ സമസ്ത കേന്ദ്ര മുശാവറ അംഗവും വയനാട് ജില്ലാ പ്രസിഡന്റുമായ പി. ഹസൻ മുസ്ലിയാർക്ക് പ്രൗഢോജ്ജ്വലമായ ആദരം. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ മാനന്തവാടി കെല്ലൂരിൽ നടന്ന സ്വീകരണ സമ്മേളനം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
ഭൗതിക സാഹചര്യങ്ങൾ പരിമിതമായിരുന്ന കാലത്ത് മലപ്പുറം നീലാഞ്ചേരിയിൽ നിന്ന് അധ്യാപന ദൗത്യവുമായാണ് ഹസൻ മുസ്ലിയാർ വയനാട്ടിലെത്തിയത്. കേരളത്തിലെയും തമിഴ്നാട്ടിലെയും കർണാടകത്തിലെയും ആത്മീയ വേദികളിലെ നിറസാന്നിധ്യമാണ് അദ്ദേഹം. കൽപ്പറ്റ ദാറുൽ ഫലാഹിൽ ഇസ്ലാമിയ്യ, മാനന്തവാടി മുഅസ്സസ ,പള്ളിക്കൽ മദീനത്തുന്നസീഹ തുടങ്ങി അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാൻ നേതൃത്വം നൽകിയ അദ്ദേഹം ജില്ലയിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ മുന്നിൽ നിന്ന വ്യക്തിത്വമാണ്. അരനൂറ്റാണ്ടോളമായി സമസ്ത വയനാട് ജില്ലാ പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്നു.
പള്ളിക്കൽ മദീനത്തുന്നസ്വീഹയിൽ നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ഹസൻ മുസ്ലിയാരെ സ്വീകരണ വേദിയിലേക്ക് ആനയിച്ചു. തുടർന്ന് നടന്ന സ്വീകരണ സമ്മേളനത്തിൽ സയ്യിദ് ഇബ്രാഹിം ബാഫഖി പ്രാർത്ഥന നിർവഹിച്ചു. സമസ്ത സെക്രട്ടറി പേരോട് അബ്ദുൽറഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അനുഗ്രഹപ്രഭാഷണം നടത്തി. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും സയ്യിദ് ഇബ്രാഹിം ബാഫക്കി തങ്ങളും ചേർന്ന് ഉപഹാരസമർപ്പണം നടത്തി. കെ.ഒ. അഹ്മദ് കുട്ടി ബാഖവി അധ്യക്ഷനായിരുന്നു.
ചടങ്ങിൽ സമസ്ത വയനാട് ജില്ലാ ജനറൽ സെക്രട്ടറി കെ.കെ. ഹുസൈൻ ബാഖവി അനുമോദനപത്രം സമർപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.എൽ. പൗലോസ്, സി.പി.എം ജില്ലാ സെക്രട്ടറി കെ. റഫീഖ്, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി. മുഹമ്മദ്, കൂറ്റമ്പാറ അബ്ദുൽറഹ്മാൻ ദാരിമി പ്രസംഗിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ്. ശറഫുദ്ദീൻ സ്വാഗതവും അബ്ദുൽറശീദ് അൽ ഹസനി നന്ദിയും പറഞ്ഞു.
