കൽപ്പറ്റ: ഇന്ധനവില വർധനവും വാഹനങ്ങളുടെ അനുബന്ധ ചെലവുകളും കാരണം ഓട്ടോ തൊഴിലാളികൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കാലോചിതമായ ഓട്ടോ ചാർജ് വർധനവ് ഉടൻ നടപ്പിലാക്കണമെന്ന് എസ്.ഡി.റ്റി.യു വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണി ചെലവുകളും ഇൻഷുറൻസ് നിരക്കുകളും കുത്തനെ ഉയർന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ ന്യായമായ വേതനം ഉറപ്പാക്കാൻ നിരക്ക് വർധന അനിവാര്യമാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ഈ ആവശ്യങ്ങളുന്നയിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നവംബർ 12-ന് നടക്കുന്ന പ്രക്ഷോഭ പരിപാടികൾക്ക് എസ്.ഡി.ടി.യു പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സമരത്തിൽ സംഘടനയിലെ തൊഴിലാളികൾ സജീവമായി പങ്കാളികളാകുമെന്നും അവകാശ പോരാട്ടങ്ങളിൽ മുന്നിലുണ്ടാകുമെന്നും ജില്ലാ പ്രസിഡന്റ് വി.കെ. മുഹമ്മദലിയും ജനറൽ സെക്രട്ടറി കെ. മമ്മൂട്ടിയും അറിയിച്ചു.
ഓട്ടോ ചാർജ് വർധനവ് നടപ്പിലാക്കണം: എസ്.ഡി.റ്റി.യു വയനാട് ജില്ലാ കമ്മിറ്റി
