കൽപ്പറ്റ: ജില്ലയിലെ ടൂറിസം മേഖലയുടെ സുഗമവും ശാസ്ത്രീയവുമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനായി എ.ഡി.എമ്മിന്റെ അധ്യക്ഷതയിൽ പ്രത്യേക സമിതി രൂപീകരിക്കാൻ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു.
സുൽത്താൻ ബത്തേരി – പെരിക്കല്ലൂർ, മുള്ളൻകൊല്ലി – മരക്കടവ് റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കൽ, കൈനാട്ടിയിലെ ട്രാഫിക് സിഗ്നലുകളുടെ അപാകതകൾ പരിഹരിക്കൽ, പുഴകളുടെയും തോടുകളുടെയും തീരങ്ങളിലെ വീടുകളുടെ സുരക്ഷയ്ക്കായി സംരക്ഷണ ഭിത്തികൾ നിർമ്മിക്കൽ, വനമേഖലയിലെ ഫെൻസിങ് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കൽ തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു.
ടി.ആർ.ഡി.എം മിഷൻ മുഖേന വീടുകളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി നൽകിയിട്ടും താമസക്കാർ എത്താത്ത വീടുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ ജനപ്രതിനിധികളെക്കൂടി പങ്കെടുപ്പിച്ച് പ്രത്യേക യോഗം ചേരാനും തീരുമാനമായി.
ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളിൽ ചേർന്ന യോഗത്തിൽ എ.ഡി.എം കെ. അജീഷ്, ജില്ലാ പ്ലാനിങ് ഓഫീസർ എം. കമാലുദ്ദീൻ, ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
