കല്‍പ്പറ്റ: വയനാട്ടിലെ യാത്രാദുരിതം പരിഹരിക്കുന്നതിന് ജില്ലക്കകത്തും പുറത്തേക്കുമുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ വര്‍ധിപ്പിക്കണമെന്നും നിര്‍ത്തിവെച്ച ഗ്രാമീണ സ്‌റ്റേ സര്‍വീസുകള്‍ പുനരാരംഭിക്കണമെന്നും യങ് ഡെമോക്രാറ്റ്‌സ് വയനാട് ജില്ലാ ഓര്‍ഗനൈസിങ് കമ്മിറ്റി ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.ആര്‍.ടി.സി എം.ഡി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ഓപ്പറേഷന്‍സ്), വയനാട് ഡി.ടി.ഒ, എ.ടി.ഒ എന്നിവര്‍ക്ക് ജില്ലാ കണ്‍വീനര്‍ കെ.എസ്. മുഹമ്മദ് സകരിയ്യ നിവേദനം നല്‍കി.പ്രിയദര്‍ശിനി പദ്ധതി ഉള്‍പ്പെടെയുള്ള സൗജന്യയാത്രാ പദ്ധതികളിലൂടെ പൊതുഗതാഗതത്തെ കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് അധിക ബസുകള്‍ അനുവദിക്കേണ്ടത് അനിവാര്യമാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍നിന്ന് വയനാട്ടിലേക്കുള്ള ബസുകളിലെ രൂക്ഷമായ തിരക്ക് യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. തിരക്കുമൂലം കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവര്‍ക്ക് ബസില്‍ കയറാനാകാതെ അടുത്ത സര്‍വീസിനായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നു. വയോധികരും ഇതുമൂലം ഏറെ പ്രയാസപ്പെടുന്നുണ്ട്. ഈ സാഹചര്യം പരിഹരിക്കുന്നതിന് കോഴിക്കോട്–മാനന്തവാടി റൂട്ടില്‍ കൂടുതല്‍ ബസുകള്‍ അനുവദിക്കണം.
ചുരത്തിലെ ഗതാഗതക്കുരുക്ക് കാരണം ബസുകള്‍ വൈകിയെത്തുന്നത് കല്‍പ്പറ്റയില്‍നിന്ന് മാനന്തവാടി ഭാഗത്തേക്ക് യാത്ര ചെയ്യുന്നവരുടെ യാത്രാസമയം താറുമാറാക്കുന്നു. അതിനാൽ യാത്രാക്ലേശം പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണം.
