കൽപ്പറ്റ : സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഉരുള്‍പൊട്ടല്‍ സംബന്ധിച്ച ഉപദേശകസമിതി മുണ്ടക്കൈ, ചൂരല്‍മല മേഖലകളില്‍ പരിശോധന പൂർത്തിയാക്കി മടങ്ങി. സർക്കാർ നിയോഗിച്ച ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം സമർപ്പിച്ച റിപ്പോർട്ടിൻമേല്‍ കൂടുതല്‍ പരിശോധനകള്‍ക്കായാണ് ഉപദേശക സമിതി എത്തിയത്.
ജിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറല്‍ ടി മുരളീധരന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം 23 മുതല്‍ 25വരെയാണ് ദുരന്തമേഖലയില്‍ പരിശോധന നടത്തിയത്. വിദഗ്ധസമിതിയുടെ റിപ്പോർട്ട് സമഗ്രമാക്കുന്നതിനുവേണ്ട പഠനങ്ങളും വിവരശേഖരണവുമായിരുന്നു പ്രധാനം.
നാഷണല്‍ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ മുൻ ശാസ്ത്രജ്ഞൻ ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം ആഗസ്ത് 12 മുതല്‍ 15രെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദർശിച്ചാണ് ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോർട്ട് നല്‍കിയത്. അതിശക്ത മഴയാണ് ഉരുള്‍പൊട്ടലിന് കാരണമെന്നാണ് കണ്ടെത്തല്‍. ഈ സംഘം ഒരുതവണകൂടി ജില്ലയിലെത്തി ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രത്തില്‍ പരിശോധന നടത്തും. ഈ റിപ്പോർട്ടുകൂടി ലഭ്യമായാല്‍ ഉപദേശക സമിതി പരിശോധിച്ച് സർക്കാരിന് വിശദ റിപ്പോർട്ട് നല്‍കും. പുനരധിവാസത്തിന് ഉതകുന്ന സ്ഥലങ്ങള്‍, ദുരന്തമേഖലയിലെ സുരക്ഷിതവും അല്ലാത്തതുമായ പ്രദേശങ്ങള്‍, ഉരുള്‍പൊട്ടലിന്റെ കാരണങ്ങള്‍ എന്നിവയെല്ലാം റിപ്പോർട്ടിലുണ്ടാകും.
കേന്ദ്ര ഭൗമശാസ്ത്രകേന്ദ്രം ശാസ്ത്രജ്ഞൻ ജി ശങ്കർ, അമൃത സർവകലാശാല പ്രൊ വൈസ് ചാൻസലർ വി മനീഷ്, കേരള സർവകലാശാല മുൻ പ്രൊഫസർ നന്ദകുമാർ, അസിസ്റ്റന്റ് പ്രൊഫ. ഡോ. സജിൻകുമാർ എന്നിവർ അംഗങ്ങളും സംസ്ഥാന ദുരന്തനിവാവരണ അതോറിറ്റിയിലെ ജി എസ് പ്രദീപ് കണ്‍വീനറുമായ ഉപദേശക സമിതിയാണ് ജില്ലയില്‍ പഠനം നടത്തിയത്.
