മേപ്പാടി: മുണ്ടക്കൈ-ചുരൽമല ദുരന്തബാധിത പ്രദേശത്തെ അതിജീവിതർക്കായുള്ള വികസന പദ്ധതികൾ വേഗത്തിലാക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ.എ.എ റഷീദ്. ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച കമ്മീഷൻ അതിജീവന പ്രവർത്തനങ്ങൾ പരിശോധിച്ച് വിലയിരുത്തി. ജില്ലയിലെ വിവിധ മത-ന്യൂനപക്ഷ വിഭാഗങ്ങളുമായി നടന്ന ചർച്ചയിൽ വിവിധ സംഘടനകൾ, വ്യക്തികൾ അതിജീവിത രെ സംരക്ഷിക്കുന്നതിന് സന്നദ്ധത അറിയിക്കുകയും ഇവരെ സംയോജിപ്പിച്ച് പദ്ധതികൾ നടപ്പാക്കാൻ ജില്ലാതലത്തിലുള്ള ഏകോപനം ഗൗരവപൂർവ്വം പരിഗണിക്കും. പ്രകൃതി ദുരന്തത്തിൽ രക്ഷിതാക്കൾ, കുടുംബം, സഹോദരങ്ങൾ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് ദീർഘകാല പരിരക്ഷ ഉറപ്പാക്കാനുള്ള പദ്ധതികൾ സംബന്ധിച്ച് സർക്കാരിനോട് ആവശ്യപ്പെടും. തുടർ വിദ്യാഭ്യാസത്തിനാവശ്യമായ നിർദേശങ്ങളും സർക്കാറിന് നൽകും. സന്ദർശനത്തിൽ അസിസ്റ്റന്റ് കളക്ടർ എസ് ഗൗതംരാജ്, മെമ്പർ സെക്രട്ടറി എച്ച്. നിസാർ, അംഗങ്ങളായ എ. സൈഫുദ്ദീൻ ഹാജി, പി. റോസ, എ. ഷാജിർ, പി. അനിൽകുമാർ, എസ് ശിവപ്രസാദ്, ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.
